ന്യൂഡൽഹി: കോൺഗ്രസ് ടൂൾകിറ്റ് കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. കോടതിയിൽ സമർപ്പിക്കപ്പെടുന്ന നിസാര ഹർജികൾ സംബന്ധിച്ച് നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.
ഹർജിക്കാരന് ടൂൾകിറ്റിനോട് താത്പര്യമില്ലെങ്കിൽ അതിനെ അവഗണിക്കുക. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ തന്ത്രം മാത്രമാണിതെന്നും ഇത്തരം നിസാര ഹർജികൾ പരിഗണിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ഹർജി തള്ളിയത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് നിങ്ങൾക്കറിയാമോ എന്നും വിവിധ തരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളെ നിയന്ത്രിക്കാൻ ഒരു കോടതിക്ക് കഴിയുമോ എന്നും കോടതി ചോദിച്ചു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച ആരോപണം ശരിയാണെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
കോവിഡിന്റെ ‘ഇന്ത്യൻ വകഭേദം’ എന്ന പ്രയോഗം പോലും പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്നതാണെന്നായിരുന്നു ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. എന്നാൽ ഇക്കാര്യങ്ങളൊന്നും കോടതി മുഖവിലയ്‌ക്കെടുത്തില്ല.

