കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ; പരിഹാസവുമായി സോഷ്യൽ മീഡിയ

pinarayi

തിരുവനന്തപുരം: കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തിനെതിരെ പരിഹാസവുമായി സോഷ്യൽ മീഡിയ. ഇന്ത്യയിലെ ഏറ്റവും നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങൾ ഇവിടെ അഭിവൃദ്ധിപ്രാപിക്കുന്നുവെന്ന് എൽ.ഡി.എഫ് സർക്കാർ ഉറപ്പാക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ പോലും കേരളം ഇല്ലെന്നാണ് ഉയരുന്ന വിമർശനം. രാഷ്ട്രീയ നീരീക്ഷകൻ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിലെ സ്ഥാനമാണ് സംസ്ഥാനങ്ങൾ നിക്ഷേപക സൗഹൃദമാണോ എന്നതിന്റെ ഔദ്യോഗിക മാനദണ്ഡമെന്ന് ശ്രീജിത്ത് പണിക്കർ പറയുന്നു. ഏറ്റവും ഒടുവിലെ പട്ടികയിൽ 36 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 29 സ്ഥാനങ്ങളാണ് നൽകിയിരിക്കുന്നത്. അതിൽ കേരളത്തിന്റെ സ്ഥാനം 28 ആണെന്നും ശ്രീജിത്ത് പണിക്കർ വ്യക്തമാക്കി. ക്ലാസിലെ തന്റെ സ്ഥാനം ലാസ്റ്റിൽ നിന്ന് രണ്ടാമത് ആണെന്ന് അഭിമാനത്തോടെ പറഞ്ഞ ഒരു സുഹൃത്ത് നിങ്ങൾക്കും കാണുമെന്ന പരിഹാസത്തോടെയാണ് ശ്രീജിത്ത് പണിക്കർ കുറിപ്പ് അവസാനിപ്പിക്കുന്നത്.