തിരുവനന്തപുരം: വി കെ പ്രശാന്ത് എംഎൽഎ പ്രതിരോധത്തിൽ. കോവിഡ് പോസിറ്റീവായ വിവരം പങ്കുവെച്ച് വി കെ പ്രശാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് എംഎൽഎയ്ക്ക് വിനയായത്. ഫേസ്ബുക്ക് പോസ്റ്റിൽ ഹോമിയോ പ്രതിരോധ മരുന്നിനെ അനുകൂലിച്ചുകൊണ്ടുള്ള പരാമർശം വി കെ പ്രശാന്ത് നടത്തിയിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. സംഭവത്തിൽ വിർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അലോപ്പതി ഡോക്ടർമാർ.
കോവിഡ് പോസിറ്റീവായെന്നും കഴിഞ്ഞ ആഴ്ചയിലാണ് കോവാക്സിൻ രണ്ടാം ഡോസ് എടുത്തതെന്നും അതുവരെ പിടിച്ച് നിൽക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് തന്റെ ധാരണയെന്നുമായിരുന്നു വി കെ പ്രശാന്തിന്റെ കുറിപ്പ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ തുടക്കം മുതൽ ഇന്നുവരെ പൊതുസമൂഹത്തിൽ തന്നെ ആയിരുന്നുവെന്നും 15 തവണയിലധികം ആന്റിജൻ, ആർടിപിസിആർ ടെസ്റ്റുകൾ നടത്തിയെന്നും വി കെ പ്രശാന്ത് പറയുന്നു.
ഈ പോസ്റ്റിന് താഴെയാണ് വിമർശനങ്ങളുമായി അലോപ്പതി ഡോക്ടർമാർ എത്തിയത്. ഉത്തരവാദിത്തപ്പെട്ട ചുമതലയിലുള്ള ഒരാൾ ഇങ്ങനെ പറയുന്നത് വലിയ കഷ്ടമാണെന്നാണ് ഡോക്ടർമാരുടെ വിമർശനം. ഹോമിയോ കോവിഡിനെ പ്രതിരോധിക്കും എന്നത് അശാസ്ത്രീയമാണെന്നും ജനപ്രതിനിധിയായ, നിരവധി വ്യക്തികളെ സ്വാധീനിക്കാൻ സാധിക്കുന്നവർ ഇങ്ങനെ പറയുന്നത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നുമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറഞ്ഞിരിക്കുന്നത്. പ്രതിരോധ മരുന്നിന്റെ ഗുണങ്ങൾ വിവരിച്ചു ഹോമിയോ ഡോക്ടർമാർ മറുവാദവുമായി രംഗത്തെത്തിയിട്ടുണ്ട്.

