കോഴിക്കോട്: പി.എസ്.സി അംഗത്വം ഐഎന്‍എല്‍ നാല്‍പ്പത് ലക്ഷം രൂകയ്ക്ക് വിറ്റെന്ന് ആരോപണം. ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ സി മുഹമ്മദാണ് നേതൃത്വം കോഴവാങ്ങിയതായി ആരോപണമുന്നയിച്ചത്. എന്നാല്‍ ആരോപണത്തോട് ഐഎന്‍എല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 40 ലക്ഷം രൂപ കോഴയുറപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പാര്‍ട്ടിക്ക് അനുവദിച്ച് നല്കിയ പിഎസ്സി അംഗത്വം വിറ്റതെന്ന് ഇ.സി.മുഹമ്മദ് ആരോപിക്കുന്നു.
നേതൃതവുമായി ഇടഞ്ഞ് പാര്‍ട്ടി വിടാനിരിക്കുന്ന ഐഎന്‍എല്ലിലെ പിടിഎ റഹിം വിഭാഗത്തിന്റെ നേതാവാണ് ആരോപണമുന്നയിച്ച ഇസി മുഹമ്മദ്.കോഴയാരോപണത്തെക്കുറിച്ച് ഐഎന്‍എല്‍ വിശദീകരിക്കണമെന്ന് മുസ്ലിം ലിഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മന്ത്രിസഭയിലേക്ക് ആദ്യമായെത്തിയ ഐഎന്എല്ലിനിലെ വിവാദം എല്‍ഡിഎഫിനും തലവേദനയായിട്ടുണ്ട്. മാത്രമല്ല, ഐഎന്‍എല്‍ സംസ്ഥാന സമിതിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ വിമര്‍ശനമുണ്ടായതും പാര്‍ട്ടിക്കുള്ളില്‍ മുറുമുറപ്പ് സൃഷ്ടിച്ചിരുന്നു. പേഴ്സണല്‍ സ്റ്റാഫിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂരും പ്രസിഡണ്ടും തമ്മില്‍ യോഗത്തില്‍ വാക്കേറ്റമുണ്ടായിരുന്നു.

