സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മുൻപ് മരണപ്പെട്ടവരുടെ വിവരങ്ങളും ലഭ്യമാക്കുമെന്നും ജില്ലാ അടിസ്ഥാനത്തിലായിരിക്കും വിവരങ്ങൾ പരസ്യമാക്കുകയെന്നും വീണാ ജോർജ് അറിയിച്ചു.

ഡോക്ടർമാർ കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചവയാണ് പരസ്യമാക്കുന്നത്. ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിൽ നാളെ മുതൽ ഇത് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ കോവിഡ് മരണനിരക്ക് മറച്ചുവെയ്ക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു തീരുമാനം ഉണ്ടാകുന്നത്.

ജില്ലാതലത്തിൽ കണക്കുകൾ ശേഖരിക്കുകയും ഓരോ ദിവസം മരിച്ചവരുടെ പേരുവിവരങ്ങൾ ഇനി മുതൽ പ്രസിദ്ധീകരിക്കുകയും ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആറുമാസക്കാലയളവിൽ മരണപ്പെട്ടവരുടെ പേരു വിവരങ്ങളുണ്ട്. അതും വെബ്സൈറ്റിലോ മറ്റോ പ്രസിദ്ധപ്പെടുത്തി പൊതുജനങ്ങൾക്ക് അറിയാനുളള സംവിധാനം ഉണ്ടാക്കും. തങ്ങളുടെ ഉറ്റവർ മരണപ്പെട്ടവർ കോവിഡ് ബാധിച്ചാണോ എന്ന് തിരിച്ചറിയാനുളള സംവിധാനം ഒരുക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു. ഐസിഎംആർ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കോവിഡ് മരണങ്ങൾ നിർണയിക്കുന്നത്.