തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് നേരെയുയർന്നിരിക്കുന്ന വധഭീഷണി ഗൗരവതരമാണെന്ന് കെ കെ രമ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് നിയമനടപടികൾക്ക് വിധേയരായ ക്രിമിനൽ സംഘങ്ങളാണ് ഈ ഭീഷണിക്ക് പിന്നിലെന്ന് സംശയിക്കേണ്ടതെന്ന് കെ കെ രമ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രമയുടെ പ്രതികരണം.
ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനലുകളടക്കമുള്ളവർ ഈ വധഭീഷണിയുടെ അന്വേഷണപരിധിയിൽ നിർബന്ധമായും വരേണ്ടതുണ്ട്. ടിപി വധക്കേസ് കുറ്റവാളികൾ ജയിലിൽ നിന്ന് ഫോൺ വഴിയും, പരോളിലിറങ്ങി നേരിട്ടും ക്രിമിനൽ ക്വട്ടേഷനുകൾ നിർബാധം ഏറ്റെടുത്തുകൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്തകൾ തെളിവുസഹിതം പുറത്തുവന്നുകൊണ്ടിരിക്കെ തിരുവഞ്ചൂരിനെതിരെ ഉയർന്ന വധഭീഷണി വെറുമൊരു ഊമക്കത്തായി മാത്രം കരുതാനാവില്ല. സിപിഎം രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭരണനേതൃത്വത്തിൻറെയും തണലിൽ തഴച്ചുവളർന്ന ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾ കേരളത്തെ ഭീതിയിലാഴ്ത്തി നാടുവാഴുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ശ്രീ.തിരുവഞ്ചൂരിനെ പോലുള്ള മുതിർന്ന നേതാക്കൾക്കെതിരെ പോലും തിരിയാവുന്ന നിലയിലേക്ക് കേരളത്തിലെ ക്വട്ടേഷൻ ക്രിമിനലിസം വളർന്നിരിക്കുന്നുവെന്നത് അതീവഗുരുതരമായ കാര്യമാണെന്നെന്നും കെ കെ രമ വിമർശിച്ചു.
ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ-യ്ക്ക് നേരെ ഉയർന്ന വധഭീഷണിക്ക് പിന്നിലെ ശക്തികളെ കണ്ടെത്താൻ നിഷ്പക്ഷവും കാര്യക്ഷമമായ അന്വേഷണം നടത്തണം. കേരളത്തിന്റെ സ്വച്ഛതയേയും സമാധാനത്തേയും തീർച്ചയായും ഭരണക്കാരുടെ ഇഷ്ടക്കാരായ കൊടുംകുറ്റവാളിക്കൂട്ടങ്ങൾക്ക് തീറുകൊടുക്കാനുള്ളതല്ല. ഈ ക്രിമിനൽ സംഘങ്ങളോടുള്ള രാഷ്ട്രീയ വിധേയത്വവും മൃദുസമീപനവും ഉപേക്ഷിച്ച് ഇനിയെങ്കിലും ശക്തമായ നടപടികളിലേക്ക് സംസ്ഥാന സർക്കാരും ആഭ്യന്തരവകുപ്പും കടന്നേതീരൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

