പ്രധാനമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും സമ്മാനങ്ങൾ അയച്ച് മമത ബാനർജി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പ്രത്യേക സമ്മാനങ്ങൾ നൽകി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ മാമ്പഴങ്ങളാണ് പ്രധാനമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും സമ്മാനമായി നൽകിയത്. പ്രത്യേക ദൂതൻ വഴിയാണ് മമത മാമ്പഴങ്ങൾ അയച്ചത്. ബംഗാളിൽ രാഷ്ട്രീയ ഏറ്റുമുട്ടൽ നടക്കുന്ന സാഹചര്യത്തിലുള്ള മമതയുടെ ഈ നീക്കത്തെ മാമ്പഴ നയതന്ത്രം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്.

ഹിമസാഗർ, മാൾഡ, ലക്ഷ്മൺഭോഗ് തുടങ്ങിയ മാമ്പഴ ഇനങ്ങളാണ് മമത സമ്മാനമായി നൽകിയിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തുടങ്ങിയവർക്കും മമത മാമ്പഴങ്ങൾ നൽകി.

രാഷ്ട്രീയ ഭിന്നതകൾ നിലനിൽക്കുന്നുണ്ടെങ്കിലും താനും മമതയും തമ്മിൽ വ്യക്തിപരമായി നല്ല ബന്ധമാണെന്നും തനിക്കായി മമത സമ്മാനങ്ങൾ അയക്കാറുണ്ടെന്നും നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. കുർത്തകളും ബംഗാളി മധുരപലഹാരങ്ങളും അവർ സമ്മാനമായി നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസിന എല്ലാവർഷവും തനിക്ക് പുതിയ തരത്തിലുള്ള മധുരപലഹാരങ്ങൾ നൽകാറുണ്ടെന്നും ഇതിന് ശേഷമാണ് മമതയും സമ്മാനങ്ങൾ നൽകാൻ ആരംഭിച്ചതെന്നും മോദി പറഞ്ഞിരുന്നു.