ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ വിപുലീകരണത്തിനൊരുങ്ങി സർക്കാർ. രണ്ടു ദിവസത്തിനകം ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. 51 അംഗങ്ങളാണ് നിലവിൽ കേന്ദ്രമന്ത്രിസഭയിൽ ഉള്ളത്. 28 പേർ വരെ മന്ത്രിസഭയിൽ പുതുതായി ഇടം നേടാൻ സാധ്യയുണ്ടെന്നാണ് വിവരം. പരമാവധി 81 പേരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയുക.
കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ ജോതിരാദിത്യ സിന്ധ്യ, അസം മുൻമുഖ്യമന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവർ മന്ത്രിസഭയിൽ ഇടംനേടുമെന്നാണ് സൂചന. സുശീൽ കുമാർ മോദി, നാരായൺ റാണെ, ബിഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സീനിയർ നേതാവ് ഭൂപേന്ദ്ര യാദവ് തുടങ്ങിയ നേതാക്കളും കേന്ദ്രമന്ത്രിസഭയിലെത്താൻ സാധ്യതയുണ്ട്. പശ്ചിമ ബംഗാളിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ള നേതാക്കളും പട്ടികയിൽ ഇടംനേടുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
യുപിയിൽ ബിജെപിയുടെ ഘടക കക്ഷിയായ അപ്നാ ദൽ പാർട്ടിയുടെ അനുപ്രിയ പട്ടേലിനെയും കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കാനിടയുണ്ട്. കേന്ദ്രമന്ത്രിയായിരിക്കെ എൽജെപി നേതാവ് റാം വിലാസ് പസ്വാൻ അന്തരിച്ചതോടെ ഒഴിഞ്ഞു കിടക്കുന്ന പാർട്ടിയുടെ മന്ത്രി സ്ഥാനത്തിനായി പശുപതി പരസ് രംഗത്തുണ്ട്. റാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് പസ്വാൻ വിഭാഗത്തിൽ നിന്നു പശുപതി പരാസ് നേതൃത്വം നൽകുന്ന എൽജെപി വിഭാഗം കഴിഞ്ഞ മാസം പിളർന്നിരുന്നു. നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡും കേന്ദ്രമന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.

