തിരുവനന്തപുരം: ചൈനയ്ക്ക് വിജയാശംസകൾ നേർന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. കോവിഡനന്തര കാലത്തും ചൈനയെ ഒറ്റപ്പെടുത്തി ആഗോള അധീശത്വം ശക്തമാക്കാനാണ് യുഎസ് ശ്രമങ്ങളെന്ന് അദ്ദേഹം ആരോപിച്ചു.
ഈ വെല്ലുവിളികൾ നേരിടാൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയ്ക്ക് എല്ലാ വിജയാശംസകളും സിപിഎം നേരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. നൂറാം വാർഷികം ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ആശംസകൾക്ക് നേർന്ന് മലയാള മനോരമയിൽ എഴുതിയ ലേഖനത്തിലാണ് സീതാറാം യെച്ചൂരി ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നതിൽ ചൈന വലിയ വിജയമാണ് നേടിയത്. ചൈനീസ് സമ്പദ് വ്യവസ്ഥയെയും സമൂഹത്തെയും വീണ്ടും വളർച്ചയുടെ പാതയിലേക്കു നയിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയ്ക്ക് കഴിഞ്ഞു. മുതലാളിത്ത വ്യവസ്ഥയ്ക്കുമേൽ സോഷ്യലിസം നേടിയ ഈ ആധിപത്യം ലോകത്തിനു പാഠമാണ്. ദശകങ്ങൾ നീണ്ട പരിഷ്‌കരണ നടപടികളിലൂടെ 2020 ആയപ്പോഴേക്കും ദാരിദ്ര്യം പൂർണമായി തുടച്ചു നീക്കാൻ ചൈനയ്ക്കു കഴിഞ്ഞു. തൊഴിലില്ലായ്മയും ഗണ്യമായി കുറയ്ക്കാനും. ലോകനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യരക്ഷാ സംവിധാനങ്ങളും പടുത്തുയർത്താനും സാധിച്ചു. അസമത്വവും അഴിമതിയും തുടച്ചുനീക്കാനും ജീവിതനിലവാരം ഉയർത്താനുമുള്ള പരിശ്രമങ്ങളാണ് ചൈന തുടരുന്നത്. 2049 നകം ഏറ്റവും വികസിതമായ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനാണ് ചൈനയുടെ ശ്രമം.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ പീപ്പിൾസ് റിപ്പബ്ലിക് ചൈന സമാധാനപരമായ വിദേശനയം മുന്നോട്ടു വയ്ക്കുമെന്നും പുരോഗമനവാദികൾ പ്രതീക്ഷിക്കുന്നു. നല്ല അയൽപക്ക ബന്ധങ്ങൾക്കൊപ്പം ദക്ഷിണേഷ്യയിലും ലോകത്തും സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താനും ഇതാവശ്യമാണെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.

