കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സംസ്ഥാനത്ത് വ്യവസായങ്ങൾ തകരുകയാണെന്നും സ്വർണ വ്യവസായം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വർണ കേസിൽ സി പി എമ്മിന് ബന്ധമുണ്ട്. കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും തമ്മിൽ കള്ളക്കടത്തിലും കുഴൽപ്പണ കേസിലും അന്തർധാരയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ടി പി കേസിലെ പ്രതികൾക്ക് എല്ലാ സൗകര്യവും ജയിലിൽ ഒരുക്കുന്നുണ്ട്. ഇനി ജയിലിൽ നാരി കി പാനി മാത്രമാണ് അവർക്ക് നൽകാനുള്ളതെന്നും മുരളീധരൻ പരിഹസിച്ചു.
താൻ യു ഡി എഫ് കൺവീനർ സ്ഥാനം ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആരും ഇതേ കുറിച്ച് തന്നോട് ചോദിച്ചിട്ടുമില്ല. വടകരയും നേമവും വരുമ്പോൾ മാത്രമല്ല, പുനഃസംഘടനയുടെ കാര്യം വരുമ്പോഴും തന്നെ പാർട്ടി ഓർക്കണം. അഭിപ്രായം തേടണമെന്ന് ആഗ്രഹമുണ്ടെന്നും മുരളീധരൻ പറഞ്ഞു. പുന:സംഘടന വരുമ്പോൾ ഗ്രൂപ്പ് നോക്കരുത്. യുവാക്കാൾക്ക് പ്രാമുഖ്യം നൽകണം. പുന:സംഘടനയിൽ തന്റെ നിർദേശം സ്വീകരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.

