സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിൽ. ചീഫ് സെക്രട്ടറിയാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

സർക്കാർ സ്ഥാപനങ്ങൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ തടഞ്ഞ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഐഎച്ച്ആർഡി വകുപ്പിൽ സ്ഥിര നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ട് താൽക്കാലിക ജീവനക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇത്തരത്തിലൊരു സുപ്രധാന വിധിപ്രസ്താവം നടത്തിയത്. ഒരു തസ്തികയിൽ ഏറെ നാൾ ജോലി ചെയ്തുവെന്ന പേരിൽ സ്ഥിരപ്പെടുത്തൽ അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവുള്ളതായി ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്.

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന നിർദേശം മൂന്നാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി എല്ലാ വകുപ്പുകൾക്കും നൽകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ തന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ദിര ബാനർജി, വി രാമസുബ്രമണ്യം എന്നിവർ അടങ്ങിയ ബെഞ്ച് ചീഫ് സെക്രട്ടറിയുടെ ഹർജി പരിഗണിക്കുക.