കരിപ്പൂർ സ്വർണക്കടത്തിൽ മൂന്നിലൊരു പങ്ക് പോകുന്നത് സിപിഎമ്മിന്; പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കരിപ്പൂർ സ്വർണക്കടത്തിൽ മൂന്നിലൊരു പങ്ക് പോകുന്നത് സിപിഎമ്മിനെന്നാണ് അദ്ദേഹം ആരോപിച്ചു. കേസിൽ നിലവിൽ പുറത്തു വന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ബാക്കി ഇനിയും പുറത്തുവരാൻ ഇരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കള്ളക്കടത്ത് സംഘങ്ങളുടെ പിന്തുണയോടെയാണ് സിപിഎം തടിച്ച് കൊഴുക്കുന്നത്. മത വർഗീയ ഭീകരവാദ ശക്തികളുടെ പിന്തുണയോടെയാണ് എൽഡിഎഫ് അധികാരത്തിൽ വന്നത്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ നടന്ന സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിൽ ഒരെണ്ണം പോലും തെളിയിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മരം കൊള്ളയുമായി ബന്ധപ്പെട്ടും സുരേന്ദ്രൻ സർക്കാരിനെ വിമർശിച്ചു. മരം കൊള്ളയുടെ പങ്ക് പറ്റിയിരിക്കുന്നത് ഭരണ നേതൃത്വമാണെന്നും വനം കൊള്ള രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാരിൽ നിന്ന് പണം അടിച്ചുമാറ്റൽ അല്ലാതെ എന്ത് കോവിഡ് പ്രതിരോധമാണ് നടത്തുന്നത് എന്ന് കേരളം വ്യക്തമാക്കണം. സൗജന്യ വാക്‌സിൻ ഉൾപ്പടെയെല്ലാം കേന്ദ്ര സർക്കാർ നൽകുന്നതാണ്. ഇതൊക്കെ സ്വന്തം നേട്ടമാണ് എന്ന് കാണിച്ച് 6 മണിക്ക് വാർത്താ സമ്മേളനം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും സുരേന്ദ്രൻ വിമർശിച്ചു.