രാമനാട്ടുകര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം; വി ഡി സതീശൻ

തിരുവനന്തപുരം: രാമനാട്ടുകര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രിമിനൽ സംഘങ്ങളെയും സ്വർണ്ണക്കടത്തുകാരെയും സ്ത്രീപീഡകരേയും സംരക്ഷിക്കുന്ന പാർട്ടിയായി സിപിഎം മാറി. സൈബർ ഇടങ്ങളിലെ സിപിഎം ഗുണ്ടായിസത്തിന് നേതൃത്വം നൽകുന്ന ആളുകൾ തന്നെയാണ് എല്ലാ ക്രിമിനൽ കേസുകളിലെയും ആസൂത്രകരെന്ന വിവരമാണ് പുറത്തു വരുന്നത്. വടക്കൻ മലബാറിലെ സിപിഎം നേതൃത്വം ക്രിമിനൽ സംഘങ്ങളുടെ അടിമകളായി മാറി. സംസ്ഥാനം ഭരിക്കുന്ന പാർട്ടി എല്ലാ സ്വാധീനവും ഉപയോഗപ്പെടുത്തി ക്രിമിനൽ സംഘങ്ങളെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം പല ആവശ്യങ്ങൾക്കും ക്രിമിനൽ സംഘങ്ങളെ പ്രയോജനപ്പെടുത്തി. ഒരുപരിധി വിട്ടു കഴിഞ്ഞാൽ ഇത്തരം കേസുകളിലെ അന്വേഷണം മരവിപ്പിക്കുന്ന രീതി സംസ്ഥാന സർക്കാർ അവസാനിപ്പിക്കാൻ തയ്യാറാകണം. കൊടകര കുഴൽപ്പണക്കേസ് നടന്നിട്ട് മൂന്ന് മാസത്തോളമായി. ഈ കേസും ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി കേരളത്തിലേക്ക് കൊടുത്തുവിട്ട പണമാണിതെന്നും കൊടകരയിൽ സിപിഎം-ബിജെപി ഒത്തുതീർപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.