കേരളത്തില്‍ മുഴുവന്‍ തീയേറ്ററുകളിലും മരയ്ക്കാര്‍ റിലീസ് ചെയ്യാന്‍ ആലോചന

കേരളത്തിലെ മുഴുവന്‍ തീയേറ്ററുകളിലും മരയ്ക്കാര്‍ റിലീസ് ചെയ്യാന്‍ ആലോചന. കോവിഡിന്റെ പശ്ചാത്തലത്തില്‍ അന്‍പത് ശതമാനം ആളുകളെ മാത്രം തീയേറ്ററുകളില്‍ കയറ്റി ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ മുടക്കുമുതല്‍ തിരിച്ച് പിടിക്കാനാവില്ലെന്നാണ് നിര്‍മാതാവിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന അന്വേഷണത്തില്‍ നിന്നാണ് ഇത്തരമൊരു തീരുമാനം.
ഫിയോക് പ്രസിഡന്റ് കെ വിജയകുമാറിന്റെ വാക്കുകള്‍

മൂന്നാഴ്ചയാണ് മരക്കാറിന് ഫ്രീ-റണ്‍ കൊടുത്തിരിക്കുന്നത്. അത് നമ്മുടെ സംഘടനയിലെ അംഗങ്ങളായ തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിട്ടാണ്. അവര്‍ക്ക് മരക്കാര്‍ മതി. ആന്റണി പെരുമ്പാവൂര്‍ സംഘടനയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഇത്രയും തിയറ്ററുകളില്‍ ഒരുമിച്ച് കണ്ടന്റ് കിട്ടണം. പൂട്ടിക്കിടക്കുന്ന എല്ലാ തിയറ്ററുകള്‍ക്കും കണ്ടന്റ് കിട്ടണം. അല്ലാതെ പകുതി തിയറ്ററുകള്‍ തുറന്ന്, പകുതി തുറക്കാതെയുള്ള അവസ്ഥ വരാന്‍ പാടില്ല. എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്ത് ഒരു ഉത്സവപ്രതീതിയോടെ ഈ സിനിമയെ വരവേല്ക്കാനാണ് ഞങ്ങളുടെ തീരുമാനം. പരമാവധി പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുക എന്നതാണ് നമ്മുടെ നയം. ഇത്രയും ടൈറ്റില്‍ വാല്യു ഉള്ള ഒരു പടം ഇന്ന് മലയാളത്തില്‍ വേറെ ഇല്ല. അതുകൊണ്ടാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. മൂന്നാഴ്ചത്തേക്ക് മറ്റൊരു സിനിമയും ഫിയോകില്‍ അംഗങ്ങളായിട്ടുള്ള തിയറ്റര്‍ ഉടമകള്‍ റിലീസ് ചെയ്യില്ല.

എന്നാല്‍, ഈ കാലയളവില്‍ മറ്റ് റിലീസ് വേണ്ടെന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ആയിട്ടില്ല. കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്ഡ വിജയ് ചിത്രം ‘മാസ്റ്റര്‍ സൃഷ്ടിച്ച ഓളം ‘മരക്കാറിനും സൃഷ്ടിക്കാനാവുമെന്നാണ് തിയറ്റര്‍ ഉടമകളുടെ വിലയിരുത്തല്‍.