സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസുകളുടെ മറ പിടിച്ച് സിപിഎമ്മിനെതിരെ പ്രചാരവേല നടത്തുകയാണ് മാദ്ധ്യമങ്ങൾ; വിമർശനവുമായി പി ജയരാജൻ

കണ്ണൂർ: ക്വട്ടേഷൻ കേസുകളുമായി ബന്ധപ്പെട്ട വാർത്തകളിൽ മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. മാദ്ധ്യമങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസുകളുടെ മറ പിടിച്ച് സിപിഎമ്മിനെതിരെ പ്രചാരവേല നടത്തുകയാണെന്ന് പി ജയരാജൻ ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന്റെ മറപിടിച്ച് പാർട്ടിക്കെതിരെ സംഘടിതമായ അപവാദ പ്രചാരണങ്ങൾ നടക്കുകയാണ്. ഇപ്പോൾ ഈ കേസിന്റെ ഭാഗമായി പുറത്ത് വന്നിട്ടുള്ള പേരുകാർ മൂന്നോ നാലോ വർഷം മുൻപ് എടുത്ത ഫോട്ടോകൾ അവതരിപ്പിച്ചുകൊണ്ടാണ് ഈ പാർട്ടിവിരുദ്ധ പ്രചാരവേല. ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാൾ, അയാൾ വഴി തെറ്റി എന്ന് പറയുന്നതിന് പകരം അവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന പ്രാകൃത രീതിയാണ് വലതുപക്ഷ രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോൾ കുറ്റാരോപിതരായവരെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ തള്ളിപ്പറയാനും കർശന നടപടിക്ക് വിധേയമാക്കാനും അധികാരികളോട് ആവശ്യപ്പെട്ട പാർട്ടിയാണ് സിപിഎം. അപ്പോഴാണ് 3-4 വർഷങ്ങൾക്ക് മുൻപുള്ള ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നേരത്തേ ഇട്ട പോസ്റ്റുകളും എടുത്ത് പാർട്ടിയെ കടന്നാക്രമിക്കുന്നത്..മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി പാർട്ടി മെമ്പർമാരോ അനുഭാവികളോ തെറ്റായ കാര്യത്തിൽ ഏർപ്പെട്ടാൽ അതിനെ തള്ളിപ്പറയാൻ പാർട്ടി തയ്യാറായിട്ടുണ്ട്. ഇപ്പോഴത്തെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അഴീക്കോട്ടെ യുവാവിനെ 4 വർഷം മുൻപ് ഡി വൈ എഫ് ഐ യിൽ നിന്ന് ഒഴിവാക്കിയതാണ്. തില്ലങ്കേരി സ്വദേശിയെ ഷുഹൈബ് വധക്കേസിനെ തുടർന്ന് പാർട്ടി പുറത്താക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമില്ല. എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള അത്യാർത്തി മൂലം ചിലർ തെറ്റായ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നുണ്ട്. ഇത്തരക്കാരോടുള്ള കർശന നിലപാട് പാർട്ടി നേരത്തെ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം വിശദമാക്കി.

ക്വട്ടേഷൻ/മാഫിയ സംഘങ്ങൾക്കെതിരായി ഉറച്ച നടപടിയാണ് എൽ ഡി എഫ് സർക്കാർ കൈക്കൊള്ളുന്നത്.സിപിഐ എമ്മും ഇത്തരം സംഘങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്താൻ ശ്രമിച്ചിട്ടുണ്ട്.2015 സെപ്തംബർ 30 ന് പിണറായി പുത്തൻകണ്ടത്ത് തന്നെ വലിയ ബഹുജന പ്രതിഷേധ പരിപാടി പാർട്ടി സംഘടിപ്പിച്ചിരുന്നു.

ക്വട്ടേഷൻ -ലഹരി മാഫിയക്കെതിരെ ഡി വൈ എഫ് ഐ യും ജനങ്ങളെ ബോധവാൻമാരാക്കുന്ന നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.ഏറ്റവും ഒടുവിൽ 2021 ഫെബ്രുവരിയിൽ ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി തന്നെ രണ്ട് കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിച്ചു.2021 ജനുവരിയിൽ ക്വട്ടേഷൻ സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ഇത്തരം ആളുകളെ തള്ളിപ്പറഞ്ഞുകൊണ്ട് കൂത്തുപറമ്പ് മൂന്നാം പീടികയിൽ സിപിഐ എം പ്രതിഷേധ പരിപാടിയും പൊതുയോഗവും സംഘടിപ്പിച്ചു.

ഒരു ഭാഗത്ത് ഇത്തരം സാമൂഹ്യവിരുദ്ധ സംഘങ്ങളെ തങ്ങളുടെ ചിറകിനകത്ത് ഒളിപ്പിക്കുന്ന സംഘപരിവാരവും കോൺഗ്രസ്സുമാണ് ഇത്തരക്കാർക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്ന സിപിഐ എമ്മിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത്. കോൺഗ്രസ്സിന്റെയും സംഘപരിവാറിന്റെയും ഈ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.