അമ്പലപ്പുഴ മണ്ഡലത്തിൽ പ്രവർത്തനം അനുകൂലം ആയിരുന്നില്ല; സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ജി. സുധാകരനെതിരെ രൂക്ഷവിമർശനം

ആലപ്പുഴ: മുൻമന്ത്രി ജി. സുധാകരനെതിരെ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം. അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരന്റെ പ്രവർത്തനം അനുകൂലം ആയിരുന്നില്ലെന്നാണ് സുധാകരനെതിരെയുള്ള വിമർശനം. എച്ച്. സലാം എം.എൽ.എയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ സാന്നിദ്ധ്യത്തിലാണ് ജില്ലാ കമ്മിറ്റി യോഗം ചേർന്നത്. തനിക്ക് താത്പര്യമുള്ള സ്ഥാനാർഥിയല്ല എന്ന സന്ദേശം പ്രതികരണത്തിലും പെരുമാറ്റത്തിലും സുധാകരൻ നൽകി. കുടുംബയോഗങ്ങളിലെ പ്രസംഗങ്ങളിലും ഇത്തരത്തിൽ ദുസൂചന നൽകിയെന്നും സലാം എംഎൽഎ ആരോപിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിലെ സംഭവവുമായി ബന്ധപ്പെട്ട് സുധാകരൻ വിമർശനപരമായ പ്രസ്താവന നടത്തിയെന്നും അദ്ദേഹം വിമർശിച്ചു. ചേർത്തല, അരൂർ മണ്ഡലങ്ങളിൽ പ്രചാരണത്തിന് സുധാകരനെ ക്ഷണിച്ചെങ്കിലും വരാൻ കൂട്ടാക്കിയില്ലെന്നും പ്രവർത്തനം സജീവമായിരുന്നില്ലെന്നുമുള്ള ആരോപണങ്ങൾ സുധാകരനെതിരെ മറ്റ് നേതാക്കൾ ഉന്നയിച്ചു.

സുധാകരൻ ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ സുധാകരനെതിരെയുള്ള വിമർശനങ്ങളെ ഗൗരമായി എടുത്തില്ല. എത്ര പ്രവർത്തിച്ചാലും പോര എന്ന് സ്ഥാനാർഥിക്ക് തോന്നുക സ്വാഭാവികമാണെന്നും അമ്പലപ്പുഴയിൽ പൊടുന്നനെ ഉണ്ടായ വിജയമല്ലെന്നും വിജയരാഘവൻ പ്രതികരിച്ചു. പാർട്ടി അവിടെ കാലങ്ങളായി നടത്തിയ പ്രവർത്തനം വിസ്മരിക്കരുതെന്നും മറ്റുള്ള കാര്യങ്ങളുണ്ടെങ്കിൽ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സുധാകരൻ മനസിലുള്ളത് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ്. പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചതുകൊണ്ടാണ് വിജയിച്ചതെന്നാണ് ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കിയത്.