ധർമജൻ ബോൾഗാട്ടിയെ ഫോണിൽ വിളിച്ച് കെ സുധാകരൻ; പൂർണ പിന്തുണ ഉറപ്പു നൽകി

തിരുവനന്തപുരം: ചലച്ചിത്ര താരവും കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന ധർമജൻ ബോൾഗാട്ടിയെ ഫോണിൽ വിളിച്ച് സംസാരിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തെരഞ്ഞെടുപ്പ് സമയത്ത് തനിക്ക് നേരിടേണ്ടി വന്നിരുന്ന വിഷമതകളെ കുറിച്ച് ധർമജൻ തുറന്നു പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരൻ ധർമജനെ ബന്ധപ്പെട്ട് സംസാരിച്ചത്.

ധർമജനോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞ പല കാര്യങ്ങളിലും വസ്തുതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കാൻ സാധിച്ചുവെന്നും സുധാകരൻ അറിയിച്ചു. കോൺഗ്രസ് അനുഭാവികളായ പല താരങ്ങളും വ്യക്തിഹത്യ നേരിടുന്നത് പ്രവർത്തകർ സൂചിപ്പിക്കുകയുണ്ടായി.കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തോട് ചേർന്നു നിൽക്കുന്ന കലാകാരന്മാരെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നത് വർഷങ്ങളായി സിപിഎം പിന്തുടരുന്ന ശൈലിയാണെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി.

നാഷണൽ അവാർഡ് ജേതാവായ സലിം കുമാർ ഐഎഫ്എഫ്‌കെയോട് അനുബന്ധിച്ചു അപമാനിക്കപ്പെട്ടതും, നാളുകൾക്ക് മുൻപ് നടനും സംവിധായകനുമായ കോൺഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങിയതിന്റെ പേരിൽ രമേശ് പിഷാരടി സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെട്ടതും സിപിഎം എത്തി നിൽക്കുന്ന സാംസ്‌കാരിക ജീർണത വിളിച്ചോതുന്ന സംഭവങ്ങളാണ് . രമേഷ് പിഷാരടിയുടെ കുടുംബത്തെപോലും അപമാനിച്ച സിപിഎം അണികളുടെ വാചകങ്ങൾ മലയാളികൾ വായിച്ചതാണ്. സലീമിനെയും, രമേഷിനെയും ഫോണിൽ വിളിച്ചിരുന്നു. പാർട്ടിയുടെ പൂർണ പിന്തുണ ഇരുവർക്കുമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും കേരളത്തിലെ ഓരോ കലാകാരനുമുണ്ട്. ആ സ്വാതന്ത്ര്യം സിപിഎം സഹയാത്രികർക്ക് മാത്രമായി ആരും തീറെഴുതി കൊടുത്തിട്ടില്ല. തങ്ങളോടൊപ്പം നിൽക്കുന്ന കൊലയാളി കൂട്ടങ്ങളെ സംരക്ഷിക്കാൻ ഖജനാവിലെ കോടികൾ ചിലവഴിക്കുന്ന സിപിഎം തന്നെയാണ് വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുന്നവരെ എന്ത് ഹീന തന്ത്രം പ്രയോഗിച്ചും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നത് പൊതുസമൂഹം കാണാതെ പോകരുതെന്ന് സുധാകരൻ പറഞ്ഞു.

ലോകം കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്ന് നയിച്ച്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന, വിപ്ലവ വീര്യം സിരകളിൽ പേറുന്ന ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ ശബ്ദമാകാൻ കലാകാരൻമാരും സാംസ്‌ക്കാരിക പ്രവർത്തകരും കടന്നു വരുമ്പോൾ അവരെ വേട്ടയാടി നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നവരോട് ഇനി യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല എന്ന് ഓർമപ്പെടുത്തുന്നു.

കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവർത്തകരുടെയും അനുഭാവികളുടെയും സംരക്ഷണം ഉറപ്പാക്കുവാനുള്ള എല്ലാ നടപടികളും പാർട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാവും. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ തന്റെ പ്രഥമ പരിഗണന ആ വിഷയത്തിന് തന്നെയായിരിക്കുമെന്ന് ഈ അവസരത്തിൽ ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.