തെറ്റായ ഒരു ശൈലിയും സിപിഎം പ്രോത്സാപ്പിക്കില്ല: സ്ത്രീപക്ഷ സമീപനം പാർട്ടിയുടെ ശൈലിയാണെന്ന് എ വിജയരാഘവൻ

ആലപ്പുഴ: തെറ്റായ ഒരു ശൈലിയും സിപിഎം പ്രോത്സാപ്പിക്കില്ലെന്ന് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. രാമനാട്ടുകര സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ ഇടത് അനുഭാവമുള്ളവർ പ്രതികളായ സാഹചര്യത്തിലാണ് അദ്ദേഹം പാർട്ടിയുടെ നിലപാട് അറിയിച്ചത്.

സമൂഹം അംഗീകരിക്കാത്ത ഒരു പ്രവർത്തന ശൈലിയും സിപിഎം അംഗീകരിക്കുന്നില്ല. പാർട്ടിയ്ക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തനം ആര് നടത്തിയാലും അവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതാണ് സമീപനമെന്നും അദ്ദേഹം അറിയിച്ചു. സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ ഡിവൈഎഫ്‌ഐയുമായി ബന്ധം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അവരെ മാറ്റി നിർത്താൻ അവർ ശ്രദ്ധിച്ചു. ഇതുവരെ ഉള്ള പ്രവർത്തന രീതിയിൽ വ്യക്തിപരമായ ഒരു പ്രവർത്തന വൈകല്യത്തേയും ന്യായീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു കോടിയിൽ പരം വർഗ ബഹുജന സംഘടനാ പ്രവർത്തകർ പാർട്ടിയിലുണ്ട്. സൈബർ ഇടങ്ങളിൽ എങ്ങനെ ഇടപെടണം എന്നതിൽ സിപിഎ മാർഗ നിർദേശം നൽകിയിട്ടുണ്ടെന്നും അച്ചടക്കം സൈബർ ഇടങ്ങളിലും ബാധകമാണെന്നും അദ്ദേഹം വിശദീകരിച്ചു. സ്ത്രീപക്ഷ സമീപനം പാർട്ടിയുടെ ശൈലിയാണെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.