അടിമുടി മാറ്റങ്ങള്‍ വരുത്താന്‍ കോണ്‍ഗ്രസ്

congress

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഇനി അടിമുടി മാറ്റങ്ങള്‍. തുടക്കത്തില്‍ കല്ലുകടിയായി നിന്ന ഗ്രൂപ്പ് നേതാക്കന്മാരെ മെരുക്കിയെടുത്താണ് സുധാകരന്‍ 51 അംഗ നിര്‍വാഹകസമിതി രൂപീകരിക്കാനുളള തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ഇതോടെ സെമി കേഡര്‍ സംവിധാനവും കടന്ന് കോണ്‍ഗ്രസ് കേഡര്‍ സ്വഭാവത്തിലേക്ക് മാറുമെന്ന് ഏതാണ്ട് ഉറപ്പായി.

മാത്രമല്ല, പാര്‍ട്ടി ഘടനയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച വിവരം സുധാകരന്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. പുതിയ നേതൃത്വവുമായി യോജിച്ച് മുന്നോട്ടു പോകാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. തങ്ങളോടൊപ്പം നില്‍ക്കുന്നവരെ സംരക്ഷിക്കേണ്ടത് അത്യാവശ്യമായതിനാല്‍ സുധാകരന്‍-സതീശന്‍ കൂട്ടുകെട്ടിനെ എതിര്‍ക്കാന്‍ ഗ്രൂപ്പുകള്‍ തയ്യാറാകില്ല.

പാര്‍ട്ടിയുടെ അടിത്തറ ബലപ്പെടുത്തുന്നതിന് പാര്‍ട്ടി സ്‌കൂള്‍ കൂടിയേ തീരൂവെന്നാണ് സുധാകരന്റെ പക്ഷം. വാര്‍ഡ്, ബൂത്ത് കമ്മിറ്റികള്‍ക്ക് താഴെയായി അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത് പാര്‍ട്ടിയ്ക്ക് ജീവന്‍ നല്‍കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.