ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി മാറാൻ സാധ്യത; 85 രാജ്യങ്ങളിൽ ഡെൽറ്റാ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

delta

ജനീവ: കോവിഡ് വൈറസിന്റെ അതിവ്യാപന ശേഷിയുള്ള ഡെൽറ്റാ വകഭേദത്തിന്റെ സാന്നിദ്ധ്യം 85 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെൽറ്റ വകഭേദം വ്യാപിക്കുന്നത് സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച്ചകൾക്കുള്ളിലാണ് 11 രാജ്യങ്ങളിൽ ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചത്.

ആകെ 170 രാജ്യങ്ങളിലാണ് വൈറസിന്റെ ആൽഫാ വകഭേദം കണ്ടെത്തിയത്. 71 രാജ്യങ്ങളിൽ ഗാമ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ആൽഫ വകഭേദത്തേക്കാൾ വ്യാപന ശേഷി വർധിച്ച വൈറസ് വകഭേദമാണ് ഡെൽറ്റ. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെൽറ്റ മാറാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ വകഭേദങ്ങളെ സൂക്ഷ്മമായി ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നുണ്ട്. ഡെൽറ്റ വകഭേദം ബാധിക്കുന്നവർക്ക് മറ്റു കോവിഡ് രോഗികളെ അപേക്ഷിച്ച് ഓക്സിജൻ ആവശ്യം വരുന്നുണ്ടെന്നും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുന്നുവെന്നും മരണം കൂടുതലാണെന്നും സിങ്കപ്പൂരിൽ നടത്തിയൽ ഒരു പഠനത്തിൽ വിശദമാക്കുന്നുണ്ട്. ആൽഫാ വകഭേദത്തേക്കാൾ വേഗത്തിൽ വ്യാപിക്കുന്നവയാണ് ഡെൽറ്റയെന്ന് ജപ്പാനിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലും പറയുന്നുണ്ട്.

അതിവേഗ വ്യാപനശേഷിയുണ്ടെന്ന് കരുതുന്ന ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച 30 കേസുകളാണ് ഇന്ത്യയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഡെൽറ്റ പ്ലസ് വകഭേദമായ ബി.1.617.2.1 ഡെൽറ്റ വകഭേദത്തോട് വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന വകഭേദമാണ് ഡെൽറ്റ പ്ലസ്. ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് കാരണമായത് ഡെൽറ്റ വകഭേദമായിരുന്നു. ഡെൽറ്റ വകഭേദത്തെ പോലെ ഡെൽറ്റ പ്ലസ് വകഭേദത്തിനും ആർഎൻഎ വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ ഭാഗത്താണ് വ്യതിയാനം ഉണ്ടായിട്ടുളളത്. അതാണ് ഡെൽറ്റ പ്ലസിനെ കൂടുതൽ വ്യാപനശേഷിയുളളതായി മാറ്റുന്നത്. ഈ വർഷം മാർച്ച് മാസത്തിൽ യൂറോപ്പിലാണ് ആദ്യമായി ഡെൽറ്റാ പ്ലസ് വകഭേദത്തിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യുന്നത്.