കണ്ണൂർ: കെ സുധാകരനെതിരെ നിയമനടപടിയ്ക്കില്ലെന്ന് ഫ്രാൻസിസിന്റെ മകൻ ജോബി. അച്ഛന്റെ സ്ഥാനത്താണ് സുധാകരനെ കാണുന്നതെന്ന് ജോബി പറഞ്ഞു. കെ സുധാകരനുമായി കഴിഞ്ഞ ദിവസം ജോബി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോബിയുടെ പ്രതികരണം.
സുധാകരനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടാണ്. സുധാകരന് അച്ഛനുമായുണ്ടായിരുന്നത് ആത്മബന്ധമാണെന്നും ജോബി വ്യക്തമാക്കി. ബ്രണ്ണൻ കോളേജ് ക്യാമ്പസിൽ വച്ച് ഫ്രാൻസിസ് പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴിഞ്ഞ് മാറിയതുകൊണ്ട് പിണറായി രക്ഷപ്പെട്ടെന്നും സുധാകരൻ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെ സുധാകരനെതിരെ ജോബി രംഗത്തെത്തിയിരുന്നു. സുധാകരന്റെ പരാമർശം വേദനിപ്പിച്ചെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്നുമായിരുന്നു ജോബി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്.
മൈക്ക് കൊണ്ട് അച്ഛൻ പിണറായിയെ ആക്രമിച്ചെന്നത് കെട്ടുകഥയാണെന്നും ജോബി അഭിപ്രായപ്പെട്ടിരുന്നു. അച്ഛൻ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. അച്ഛന് പിണറായി വിജയനുമായി പിൽക്കാലത്തും സൗഹൃദമുണ്ടായിരുന്നു. തന്റെ അച്ഛൻ ആരെയും ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കൂരാച്ചുകുണ്ടിൽ എത്തിയപ്പോൾ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ വിളിപ്പേര് പോലും ഓർത്തുകൊണ്ടായിരുന്നു അന്ന് പിണറായി സംസാരിച്ചതെന്നും ജോബി വെളിപ്പെടുത്തിയിരുന്നു.

