നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും നേതൃത്വത്തിന് ഒഴിഞ്ഞു മാറാനാകില്ല; ബിജെപി നേതാക്കൾക്കെതിരെ ആർഎസ്എസ്

കൊച്ചി: സംസ്ഥാന ബിജെപിയുടെ പ്രവർത്തനങ്ങളിൽ വിമർശനവുമായി ആർഎസ്എസ്. കൊച്ചിയിൽ നടന്ന ആർഎസ്എസ് – ബിജെപി നേതൃയോഗത്തിലാണ് സംസ്ഥാന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും വിഭാഗീയ പ്രവർത്തനങ്ങളുമായി നേതൃത്വം മുന്നോട്ടു പോകുന്നതിനാൽ അനിവാര്യമായ പുരോഗതി സംസ്ഥാനത്ത് പാർട്ടിയ്ക്ക് ഉണ്ടായില്ലെന്നാണ് ആർഎസ്എസിന്റെ നിഗമനം.

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും നേതൃത്വത്തിന് ഒഴിഞ്ഞു മാറാനാകില്ലെന്നും ആർഎസ്എസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഏകോപനത്തിലും പ്രവർത്തനങ്ങളിലും വീഴ്ചയുണ്ടായി. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുണ്ടായ അനാവശ്യ വിവാദങ്ങളും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്ന് ആർഎസ്എസ് വിലയിരുത്തുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ഉൾപ്പെടെ ജനങ്ങളിൽ എത്തിക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞില്ല. പാർട്ടിയിലെ പ്രശ്‌നങ്ങൾക്ക് അടിസ്ഥാന കാരണമായി പലഘട്ടങ്ങളിലും ഉയർന്ന് വന്നത് നേതാക്കളുടെ വിഭാഗീയതയാണ്. ഇനി ഒറ്റക്കെട്ടായി വേണം മുന്നോട്ട് പോകാനെന്നാണ് ആർഎസ്എസിന്റെ നിർദ്ദേശം.

ഓരോ നേതാക്കളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള ഓഡിറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും ആർഎസ്എസ് അറിയിച്ചു. ആവശ്യമെങ്കിൽ ഉചിതമായ സമയങ്ങളിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാനത്ത് ശക്തമായ പ്രചാരണം സംഘടിപ്പിക്കാനും യോഗത്തിൽ ധാരണയായി.