സമയബന്ധിതമായി മുന്നേറുന്നു; 2022 ൽ 36 റഫാൽ വിമാനങ്ങളും വ്യോമസേനയുടെ ഭാഗമാകുമെന്ന് ആർകെഎസ് ബദൗരിയ

ന്യൂഡൽഹി: 2022 ൽ 36 റഫാൽ യുദ്ധവിമാനങ്ങളും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറുമെന്ന് വ്യോമസേന മേധാവി ആർകെഎസ് ബദൗരിയ. ദുണ്ഡിഗലിൽ നടന്ന എയർഫോഴ്സ് അക്കാദമിയുടെ സംയുകത ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2022 ആണ് റഫാൽ യുദ്ധവിമാനങ്ങൾ എത്തേണ്ട അന്തിമസമയം. കോവിഡ് സംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് ചില കാലതാമസം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചില റഫാൽ യുദ്ധവിമാനങ്ങൾ പറഞ്ഞ സമയത്തേക്കാൾ നേരത്തെ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്താൽ റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയിൽ ഭാഗമായി മാറ്റുന്ന പദ്ധതിയുടെ കാര്യത്തിൽ സമയബന്ധിതമായി മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി, 2022 ഏപ്രിൽ മാസത്തോടെ മുഴുവൻ റഫാൽ ജെറ്റുകളും എത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേരത്തെ അറിയിച്ചിരുന്നു. 2016 സെപ്തംബറിലാണ് ഫ്രാൻസിൽ നിന്നും 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്. 59,000 കോടി രൂപയുടേതാണ് കരാർ. കരാറിന്റെ ഭാഗമായി 18 റഫാൽ യുദ്ധവിമാനങ്ങളാണ് ഇതുവരെ രാജ്യത്തെത്തിയത്.

ഫ്രഞ്ച് വ്യോമയാന മേഖലയിലെ അതികായൻമാരായ ഡസോൾട്ട് ഏവിയേഷനാണ് ഇന്ത്യയ്ക്ക് റഫാൽ വിമാനങ്ങൾ നിർമ്മിച്ച് നൽകുന്നത്. രാത്രിയും പകലും ഒരുപോലെ ആക്രമണ ശേഷിയുണ്ടെന്നതാണ് റഫാൽ യുദ്ധവിമാനങ്ങളുടെ സവിശേഷത. മണിക്കൂറിൽ 1912 കിലോമീറ്റർ വേഗതയിൽ കുതിക്കാനുള്ള ശേഷിയുും റഫാൽ വിമാനങ്ങൾക്കുണ്ട്.