കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിആർ ഏജൻസിയുടെ കൂട്ടിൽ നിന്ന് പുറത്തു വന്ന യഥാർത്ഥ പിണറായി വിജയനെയാണ് ഇന്നലെ വാർത്താ സമ്മേളനത്തിൽ കണ്ടത്. മുഖ്യമന്ത്രിയുടെ ഭാഷ പൊളിറ്റിക്കൽ ക്രിമിനലിന്റേതാണെന്ന് കെ സുധാകരൻ വ്യക്തമാക്കി.
പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നുവെന്ന ആരോപണത്തെ കെ സുധാകരൻ നിഷേധിച്ചു. മുഖ്യമന്ത്രി ഉന്നയിച്ച ആരോപങ്ങളോട് അതുപോലെ മറുപടി പറയാൻ കഴിയില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ താൻ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ച വ്യക്തിയുടെ പേര് എന്തുകൊണ്ടാണ് വെളിപ്പെടുത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ട് മുഖ്യമന്ത്രി അന്ന് പരാതി നൽകാത്തത്. ആരോടും പറഞ്ഞില്ലെന്നാണ് പിണറായി പറഞ്ഞത്. സ്വന്തം ഭാര്യയോട് പോലും പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. സ്വന്തം മക്കളുടെ കാര്യം ഭാര്യയോട് പറയില്ലേയെന്ന് ചോദിച്ച സുധാകരൻ മുഖ്യമന്ത്രിയുടെ ആരോപണം വിശ്വാസയോഗ്യമല്ലെന്നും പറഞ്ഞു.
ബ്രണ്ണൻ കോളേജ് പഠന കാലത്ത് മർദ്ദിച്ചെന്ന കാര്യം അഭിമുഖത്തിൽ ഉൾപ്പെടുത്തില്ലെന്ന ഉറപ്പിന് മുകളിൽ വ്യക്തിപരമായി പറഞ്ഞതാണ്. അഭിമുഖത്തിൽ വന്നതെല്ലാം താൻ പറഞ്ഞ കാര്യമല്ല. മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് പറഞ്ഞിട്ടില്ല. ലേഖകൻ ചെയ്ത ചതിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
വിദേശ കറൻസി ഇടപാട് പിണറായി വിജയനാണ്. ഇവിടെ കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. സ്വപ്ന സുരേഷിനെ നാല് വർഷം കൊണ്ട് നടന്നത് പിണറായി വിജയനാണ്. എന്നിട്ട് ചോദിക്കുമ്പോൾ ആരാ സ്വപ്ന എന്ന് തിരിച്ച് ചോദിക്കുന്നു. മണൽ മാഫിയ ബന്ധം എനിക്ക് ഉണ്ടെങ്കിൽ അന്വേഷിക്കട്ടെ. അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ കൈയ്യിൽ ഭരണമുണ്ടല്ലോ. ആരാണ് മാഫിയയെന്ന് ജസ്റ്റിസ് സുകുമാരന്റെ റിപ്പോർട്ടിലുണ്ട്. തോക്ക് കൊണ്ട് നടക്കുന്ന പിണറായി ആണോ ഇതുവരെ തോക്ക് ഇല്ലാത്ത ഞാൻ ആണോ മാഫിയ എന്ന് ജനം പറയട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
നട്ടെല്ലുണ്ടെങ്കിൽ പിണറായി വിജയൻ തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണം. ശുദ്ധമായ മനസ്സിന്റെ ഉടമസ്ഥനാകണം മുഖ്യമന്ത്രി. അതാണ് കേരളം ആഗ്രഹിക്കുന്നത്. ബ്രണ്ണൻ കോളേജിൽ നഗ്‌നനാക്കി നടത്തിയെന്ന ആരോപണം തെറ്റാണെന്നും ജീവിച്ചിരിക്കുന്ന ആരോടെങ്കിലും അന്വേഷിച്ചാൽ അത് മനസിലാകുമെന്നും അദ്ദേഹം വിശദീകരിച്ചു. പിണറായി ഏതോ സ്വപ്ന ലോകത്താണെന്നും തനിക്കെതിരെയുള്ള ആരോപണം തെളിയിച്ചാൽ എല്ലാ പണിയും നിർത്താമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

