തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ പദ്ധതിയിട്ടിരുന്നു; ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിക്കൽ തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ സുധാകരൻ പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. സുധാകരനുമായി അടുത്ത ബന്ധമുള്ള ആളിൽ നിന്നാണ് തനിക്ക് വിവരം ലഭിച്ചിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സുധാകരന്റെ സുഹൃത്ത് തന്റെ വീട്ടിലെത്തിയാണ് കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ടിരുന്ന വിവരം അറിയിച്ചത്. വളരെ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വിവരം ഭാര്യയോട് പോലും പറഞ്ഞിരുന്നില്ലെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ ഭാര്യയുടെ മനസമാധാനം നഷ്ടപ്പെട്ടേനെയെന്നും മുഖ്യമന്ത്രി പറയുന്നു.

മോഹങ്ങൾ പലതും സുധാകരന് ഉണ്ടായിട്ടുണ്ടാകും. വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താൻ കഴിയില്ല എന്നത് സുധാകരന്റെ അനുഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോളേജിൽ വെച്ച് പിണറായി വിജയനെ ഒറ്റച്ചവിട്ടിന് താഴെയിട്ടെന്ന സുധാകരന്റെ പരാമർശത്തിനും മുഖ്യമന്ത്രി മറുപടി നൽകി. തന്നെ മർദ്ദിച്ചുവെന്നത് കെ സുധാകരന്റെ സ്വപ്നാടനം മാത്രമാണെന്നും ബ്രണ്ണൻ കോളേജിൽ അർദ്ധനഗ്‌നനായി നടക്കേണ്ടി വന്നത് സുധാകരനും കൂട്ടർക്കും മാത്രമാണെന്നും പിണറായി വിജയൻ പരിഹസിച്ചു. ഇത്രയം പൊങ്ങച്ചം പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.