നിയമലംഘനങ്ങളുടെ ഘോഷയാത്ര; മരംമുറി കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. സംസ്ഥാനത്ത് വനംകൊള്ളയ്ക്ക് വേണ്ടി സർക്കാർ നിയമലംഘനങ്ങളുടെ ഘോഷയാത്ര തന്നെ നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. മരംമുറി കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങൾ പര്യാപതമല്ലെന്നും അദ്ദേഹം പറഞ്ഞു.

സംരക്ഷിത വനങ്ങളിലെ മരം മുറിക്കാനുളള അധികാരം എങ്ങനെയാണ് സംസ്ഥാന സർക്കാരിന് നൽകാൻ സാധിക്കുന്നത്. കേന്ദ്രത്തെ അറിയിക്കാതെ സംസ്ഥാന സർക്കാർ വനത്തിന്റെ പേരിൽ നിയമം കൊണ്ടു വന്നത് ചട്ടലംഘനമാണ്. പൊതുമുതൽ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് നടന്ന മരംകൊളള ഉദ്യോഗസ്ഥരുടെ തലയിലിട്ട് രക്ഷപ്പെടാനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

പാവപ്പെട്ട ആദിവാസികൾക്കെതിരെ കേസെടുത്തത് സർക്കാർ അഴിമതി മറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്. യഥാർത്ഥ പ്രതികളെ പിടികൂടാതെ ആദിവാസികളെയും കർഷകരെയും കള്ളക്കേസിൽപ്പെടുത്തി പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കള്ളക്കേസിൽപ്പെടുത്തിയ ആദിവാസികൾക്കായുള്ള നിയമ സഹായം ബിജെപി നൽകുമെന്നും വനംകൊളളയ്ക്കെതിരായ നിയമപോരാട്ടത്തിന് തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.