കൽപ്പറ്റ: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസ്. സ്ഥാനാർത്ഥിയാകുന്നതിനായി സി കെ ജാനുവിന് പണം കൈമാറിയെന്ന പരാതിയിൽ സുരേന്ദ്രനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സി കെ ജാനുവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കൽപ്പറ്റ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.
എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസാണ് കെ സുരേന്ദ്രനെതിരെ പരാതി നൽകിയത്. വ്യാഴാഴ്ച്ചയാണ് സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സുൽത്താൻ ബത്തേരി സ്റ്റേഷൻ ഓഫീസർക്ക് നിർദ്ദേശം നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സി കെ ജാനുവിന് കെ സുരേന്ദ്രൻ പണം നൽകി എന്നാണ് കേസ്. ജെആർപി. നേതാവ് പ്രസീത അഴീക്കോടാണ് കെ സുരേന്ദ്രനും സി കെ ജാനുവിനുമെതിരെ വെളിപ്പെടുത്തൽ നടത്തിയത്.
എൻ.ഡി.എ. സ്ഥാനാർഥിയാകാൻ സി.കെ. ജാനു ബി.ജെ.പി.യോട് ആവശ്യപ്പെട്ടത് 10 കോടി രൂപയാണെന്നും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷററായ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു. പാർട്ടിക്ക് അഞ്ച് നിയമസഭാ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവും സി കെ ജാനു ആവശ്യപ്പെട്ടിരുന്നു.. എന്നാൽ കോട്ടയത്ത് നടന്ന ചർച്ചയിൽ കെ സുരേന്ദ്രൻ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് ജാനു 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും തിരുവനന്തപുരത്തു വെച്ചാണ് സുരേന്ദ്രൻ സി കെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയതെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നവാസ് കെ സുരേന്ദ്രനെതിരെ പരാതി നൽകിയത്.

