കൊച്ചി: കൊച്ചി നഗരത്തിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ മുൻകൈ എടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊച്ചി കോർപ്പറേഷനെ സർക്കാർ കാണുന്നത് വളരെ ശ്രദ്ധിച്ചു ഇടപെടേണ്ട പ്രദേശമായാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുമരാമത്തു, ടൂറിസം വകുപ്പുകളുടെ കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഭരണ ഉദ്യോഗസ്ഥതല ചർച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊച്ചി നഗരത്തിന്റെ വികസനം കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമാണ്. പൊതുമരാമത്തു ടൂറിസം വകുപ്പുകളിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. തമ്മനം പുല്ലേപ്പടി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ടു ജൂൺ അവസാനം യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കും. കൂടാതെ ശാശ്വത പരിഹാരം കാണുന്നതിനായി സംസ്ഥാനതലത്തിൽ ആലോചന നടത്തുകയും ചെയ്യും. വൈറ്റില ഫ്‌ളൈ ഓവറിന്റെ താഴെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം പരമാവധി പ്രയോജനപെടുത്തും. ഇവിടെ പൊതു ടോയ്ലറ്റ് കൊച്ചി കോർപറേഷന്റെ സഹകരണത്തോടെ നിർമിക്കും. റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും പരിഹാരം കാണുമെന്നും അദ്ദേഹം വിശദീകരിച്ചു.
കയ്യേറ്റങ്ങളോട് വിട്ടുവീഴ്ച്ച ചെയ്യില്ല. പൊതുമരാമത്തുവകുപ്പിന്റെ സ്ഥലങ്ങളിൽ സ്വകാര്യ പരസ്യ കമ്പനികൾ കയ്യേറിയിരിക്കുന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പൊതുമരാമത്തുവകുപ്പിന്റെ സ്ഥലം അളക്കാനും റിപ്പോർട്ട് നൽകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

