തിരുവനന്തപുരം: ക്രിസ്ത്യൻ നാടാർ സമുദായത്തിന് വിദ്യാഭ്യാസ മേഖലയിലും സംവരണം നൽകും. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. എസ്ഐയുസി ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്ക നിൽക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്.
പിന്നോക്കസമുദായ ക്ഷേമം, ഉന്നതവിദ്യാഭ്യാസം, ബന്ധപ്പെട്ട വകുപ്പുകൾ തുടങ്ങിയവയോട് ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകും. ഉന്നത വിദ്യാഭ്യാസത്തിലെ പ്രവേശനത്തിലും, എൻട്രൻസിലും ക്രിസ്ത്യൻ നാടാർ വിഭാഗത്തിൽപ്പെട്ടവർക്ക് ഇനി സംവരണം ലഭിക്കും. സമയബന്ധിതമായി ഇതു സംബന്ധിച്ച ഉത്തരവുകൾ ഇറക്കാൻ സർക്കാർ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ക്രിസ്ത്യൻ നാടാർ സമുദായത്തിന് ഉദ്യോഗസ്ഥ നിയമനത്തിൽ സംവരണം നൽകാൻ ഒന്നാം പിണറായി സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ സംവരണവും നൽകുന്നത്.

