തിരുവനന്തപുരം: രമ്യാ ഹരിദാസ് എംപിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തിൽ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ധിക്കാരപരമായ നടപടികൾ യു ഡി എഫ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രമ്യാ ഹരിദാസ് എം പി. യെ വഴിയിൽ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് രമ്യാഹരിദാസിനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി. സിപിഎമ്മിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നിലെന്ന് കെ സുധാകരൻ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ:പതനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. രമ്യാ ഹരിദാസിനെ നിശബ്ദയാക്കാമെന്ന് കരുതേണ്ടെന്നും പോലീസ് കൃത്യമായി അന്വേഷിച്ച് വേണ്ട നടപടിയെടുക്കണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

