ചൈനയ്ക്ക് തിരിച്ചടി; ആഗോള അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജി7 രാജ്യങ്ങൾ

കോൺവാൾ: ലോകമെമ്പാടും അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ജി7 രാജ്യങ്ങൾ. ചൈനയെ പിന്തള്ളാനാണ് ജി 7 രാജ്യങ്ങളുടെ നീക്കം. ജി7 ഉച്ചകോടിയുടെ രണ്ടാം ദിവസമായിരുന്നു പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ നടന്നത്. ചൈന വികസ്വര രാഷ്ട്രങ്ങളെ വരുതിയ്ക്ക് നിർത്താൻ തയ്യാറാക്കിയ ബെൽറ്റ് ആന്റ് റോഡ് പദ്ധതിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ആകർഷകമായ അടിസ്ഥാന സൗകര്യവികസന പദ്ധതിയാണ് ജി7 അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.

ബെൽറ്റ് ആന്റ് റോഡ് പദ്ധതി കടം കൊടുത്ത് ചെറിയ രാജ്യങ്ങളെ കെണിയിൽപ്പെടുത്തുന്ന പദ്ധതിയാണെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. 2013 ലാണ് ചൈന ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രകാരം കടം കൊടുത്ത പണം തിരിച്ചടക്കാത്ത രാജ്യങ്ങൾ ചൈനയുടെ വരുതിയ്ക്ക് നിൽക്കേണ്ടി വരും. ശ്രീലങ്കയുടെ 660 ഏക്കർ ഭൂമിയിലുള്ള ഹംബൻടോട്ട തുറമുഖം ചൈന കയ്യടക്കിയത് ഇതിന് ഉദാഹരണമാണ്.

ചൈനയുടെ വായ്പയിലാണ് ശ്രീലങ്ക ഹംബൻടോട്ട തുറമുഖം നിർമ്മിച്ചത്. വായ്പ തിരിച്ചടയ്ക്കാതായതോടെ തുറമുഖം സ്ഥിതിചെയ്യുന്ന 660 ഏക്കറും ചൈന കയ്യടക്കി. നിലവിൽ ചൈനയുടെ പരമാധികാരത്തിലാണ് ഈ പ്രദേശം. ഇപ്പോൾ ഇവിടെ പുതിയ ഒരു നഗരം പണിതുയർത്തുകയാണ് ചൈന. എന്നാൽ യാതൊരു ദുരുദ്ദേശവുമില്ലാതെ എല്ലാ രാജ്യങ്ങളിലും അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പാക്കുകയാണ് ജി7 രാജ്യങ്ങൾ ബിൽഡ് ബാക്ക് ബെറ്റർ വേൾഡിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

വികസ്വര രാഷ്ട്രങ്ങൾക്കായി 40 ട്രില്ല്യൺ ഡോളർ ഉപയോഗിച്ച് അടിസ്ഥാനസൗകര്യങ്ങൾ ചെയ്ത് നൽകാനാണ് ജി 7 രാജ്യങ്ങളുടെ പദ്ധതി. വരും വർഷങ്ങളിൽ ഇതിനായി കൂടുതൽ പണം ചെലവാക്കുമെന്നാണ് വിവരം. പരിസ്ഥിതി, കാലാവസ്ഥ, തൊഴിൽ, സുതാര്യത, അഴിമതിയില്ലായ്മ എന്നിവയ്ക്ക് മുൻതൂക്കം നൽകിയായിരിക്കും ധനസഹായം നൽകുകയെന്നാണ് റിപ്പോർട്ടുകൾ.