തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടമെടുപ്പ് നിയന്ത്രിച്ചാൽ പൊതുജനങ്ങൾക്ക് വിവിധ മേഖലകളിൽ കിട്ടിക്കൊണ്ടിരിക്കുന്ന പല സൗകര്യങ്ങളും ഇല്ലാതാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് കടം കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് പ്രായോഗികമായി ഗുണം ചെയ്യില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് ആവശ്യമായ മരുന്ന്, ജോലിയില്ലാത്ത ആളുകൾക്ക് എതെങ്കിലും വിധത്തിലുള്ള സഹായം, ഭക്ഷണത്തിനുള്ള സഹായം തുടങ്ങിയ കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പൊതുകടം മൂന്നര ലക്ഷം കോടിയിലേക്ക് എത്തുകയാണ്. എന്നാൽ അത് ഓരോ വർഷത്തേയും കടമെടുപ്പന്റെ പരിധിക്കുള്ളിൽ നിന്നു കൊണ്ട് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. കണക്കുകൾ പരിശോധിച്ചാൽ ഓരോ അഞ്ച് വർഷം കഴിയുമ്പോഴും കടം ഇരട്ടിയാകുകയാണ്. കടം ഇരട്ടിയാകുന്നത് കേരളത്തിൽ മാത്രമല്ല രാജ്യം മുഴുവൻ ഇത്തരമൊരു അവസ്ഥയിലാണ്. അപകടകരമായ സ്ഥിതിയിലേക്ക് എത്തിയെന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വരുമാനം കുറയുന്നതിന്റെ അപകടം സാമ്പത്തിക രംഗത്തിന് പൊതുവിലുണ്ട്. അതിനെ മറികടക്കാൻ കേന്ദ്ര സർക്കാരിന്റെ നയങ്ങളും അവരുടെ സഹായവും നമ്മുടെ സജീവമായ ഇടപെടലും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

