തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്‌സിൻ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം സർക്കാർ സ്വീകരിച്ചത്. തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്‌സിൻ ഉത്പാദന യൂണിറ്റ് സ്ഥാപിക്കുന്നത്. ഇതിനായുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
വാക്‌സിൻ നിർമ്മാണ പ്രോജക്ടിന്റെ ഡയറക്ടറായി ഡോ.എസ്. ചിത്ര ഐ.എ.എസിനെയാണ് നിയമിക്കുക. ചെയർമാനായി ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.പി. സുധീറിനെ നിയോഗിക്കാനാണ് തീരുമാനം. ഡോ. ബി. ഇക്ബാൽ (സ്റ്റേറ്റ് ലെവൽ എക്‌സ്‌പേർട്ട് കമ്മിറ്റി കോവിഡ് മാനേജ്‌മെൻറ്), ഡോ. വിജയകുമാർ (വാക്‌സിൻ വിദഗ്ദ്ധൻ, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജൻ ഖോബ്രഗഡെ (പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടർ കെ.എസ്.ഐ.ഡി.സി.) എന്നിവർ മെമ്പർമാരായുള്ള വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. പ്രമുഖ കമ്പനികളുമായി ചർച്ചകൾ ആരംഭിക്കുന്നതിനും പെട്ടെന്ന് തന്നെ വാക്‌സിൻ ഉത്പാദനം സാധ്യമാക്കുന്നതിനുമാണ് വർക്കിംഗ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
റീബിൽഡ് കേരള ഇനീഷ്യേറ്റീവിന് കീഴിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ചേർത്തല മുനിസിപ്പാലിറ്റിയിൽ സെപ്‌റ്റേജ് ട്രീറ്റ്‌മെൻറ് പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി 5.25 കോടി രൂപ ചെലവിൽ നടപ്പാക്കുന്നതിന് മന്ത്രസഭ തത്വത്തിൽ അംഗീകാരം നൽകി. കുട്ടനാട്ടിലെ വൈദ്യുത പ്രസരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുക്കാൻ തീരുമാനിച്ച പദ്ധതിയുടെ ചെലവ് 42.60 കോടിരൂപയിൽ നിന്ന് 53.55 കോടിരൂപയായി പുതുക്കാനും തീരുമാനിച്ചു.
ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെൻറ് ഹോൾഡിംഗ് ലിമിറ്റഡ് കമ്പനിയെ 100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാക്കി മാറ്റാനും തീരുമാനമായി. സംസ്ഥാനത്തെ 27 താൽക്കാലിക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മിജിസ്‌ട്രേറ്റ് കോടതികളെ സ്ഥിരം കോടതികളാക്കാൻ തീരുമാനിച്ചു. ഓരോ കോടതിയ്ക്കും 10 തസ്തികകളായിരിക്കും അനുവദിക്കുക.

