സി കെ ജാനുവിന് പണം നൽകിയെന്ന ആരോപണം; പ്രസീതയും പി ജയരാജനും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയതിന് തെളിവുണ്ടെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സി കെ ജാനുവിന് പത്തുലക്ഷം രൂപ നൽകിയെന്ന ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സി കെ ജാനു പണം വാങ്ങിയെന്ന് ആരോപിച്ച പ്രസീതയും സിപിഎം നേതാവ് പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കണ്ണൂരിൽ വച്ച് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് തന്റെ പക്കൽ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൻ ഡി എയുടെ ഘടകകക്ഷി നേതാവാണ് സികെ ജാനു. അങ്ങനെയുള്ള സികെ ജാനുവിന് ബിജെപി മുറി ബുക്ക് ചെയ്ത് നൽകിയതിൽ തെറ്റാന്താണെന്നും അദ്ദേഹം ചോദിച്ചു. ദേശീയ നേതൃത്വം ഡൽഹിയിൽ വിളിച്ചുവരുത്തിയെന്ന വാർത്തകളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഡൽഹിയിലെത്തിയത് പാർട്ടി ദേശീയ നേതൃത്വം വിളിപ്പിച്ചത് കൊണ്ടല്ലെന്നും മന്ത്രിമാരെ കാണാനാണ് എത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.

എൻ ഡി എയിലേക്ക് എത്താൻ കെ സുരേന്ദ്രൻ സികെ ജാനുവിന് 10 ലക്ഷം രൂപ കൈമാറിയെന്നായിരുന്നു ജെ ആർ പി ട്രഷറർ പ്രസീതയുടെ വെളിപ്പെടുത്തൽ. 10 കോടി രൂപയും പാർട്ടിയ്ക്ക് അഞ്ച് നിയമസഭാ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സികെ ജാനു ആവശ്യപ്പെട്ടത്. എന്നാൽ കോട്ടയത്ത് നടന്ന ചർച്ചയിൽ കെ സുരേന്ദ്രൻ ഇക്കാര്യങ്ങളൊന്നും അംഗീകരിച്ചില്ല. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ 10 ലക്ഷം രൂപ സികെ ജാനു ആവശ്യപ്പെട്ടെന്നും തിരുവനന്തപുരത്ത് വച്ച് കെ സുരേന്ദ്രൻ തുക കൈമാറിയെന്നും പ്രസീത പറഞ്ഞിരുന്നു.