തിരുവനന്തപുരം: കോവളം എം എൽ എം വിൻസെന്റ് നിയമസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്തു. സന്തോഷിക്കേണ്ട സമയത്ത് തീരാ ദുഃഖത്തോടെ ആണ് അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചെയ്യേണ്ടിവന്നത്. കൊവിഡ് ബാധിച്ച് വിൻസെന്റിന്റെ അമ്മ കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. ഈ വേദന ഉള്ളിലൊതുക്കിയാണ് അദ്ദേഹം നിയമസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്തത്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വിൻസെന്റിന് ഇതുവരെ നിയമസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന് ഔദ്യോഗികമായി പ്രവർത്തിക്കാൻ സാധിക്കില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു അവസ്ഥ ആയിരുന്നിട്ടു കൂടി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
സ്പീക്കറുടെ ചേംബറിൽ എത്തി അദ്ദേഹം സത്യപ്രതിജ്ഞ നടത്തിയപ്പോൾ കണ്ടു നിന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞു. വിൻസെന്റ് എംഎൽഎ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ പതിനഞ്ചാം നിയമസഭയിലെ അംഗങ്ങളുടെയെല്ലാം സത്യപ്രതിജ്ഞ പൂർത്തിയായി.
എൽ ഡി എഫ് സ്ഥാനാർത്ഥി നീല ലോഹിതദാസൻ നാടാരെ പരാജയപ്പെടുത്തിയാണ് വിൻസെന്റ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.