തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പിയെ പരിഹസിച്ച മുകേഷിന് മറുപടിയുമായി അൻവർ സാദത്ത്. രാഹുൽ ഗാന്ധിയെ ബി.ജെ.പി മോശക്കാരാനാക്കാൻ ശ്രമിക്കുന്നതുപോലെ എൽ.ഡി.എഫും ചെയ്യുകയാണ്. ഇതാണ് നിലപാടെങ്കിൽ പണ്ട് സിനിമയിൽ പറഞ്ഞതുപോലെ തോമസ് കുട്ടി വിട്ടോടാ എന്നേ പറയാനുള്ളൂവെന്ന് അദ്ദേഹം വിമർശിച്ചു.
നിയമസഭയിൽ രാഹുൽഗാന്ധിയെ പരിഹസിച്ച് സംസാരിച്ചതിനാണ് അൻവർ സാദത്ത് മുകേഷിനെതിരെ രംഗത്തെത്തിയത്. ആരോ എഴുതിക്കൊടുത്ത യാതൊരു നിലവാരവുമില്ലാത്ത സ്ക്രിപ്റ്റ് അതേപടി വായിക്കുകയാണ് മുകേഷ് ചെയ്തതെന്നും അൻവർ സാദത്ത് പറഞ്ഞു.
കൊല്ലത്ത് കടലിൽ ചാടിയ രാഹുൽ ഗാന്ധിയെ കേരളത്തിന്റെ ടൂറിസം അംബാസഡറായി പ്രഖ്യാപിക്കണമെന്നായിരുന്നു ബജറ്റ് ചർച്ചയ്ക്കിടെ മുകേഷിന്റെ പരാമർശം. വലിയ നേതാക്കൾ പൊതുവേ ദീർഘദർശികളാണെന്നും യു.ഡി.എഫിന്റെ കേരളത്തിലെ സ്ഥിതി മുൻകൂട്ടിക്കണ്ടാണ് പ്രതീകാത്മകമായി രാഹുൽ കടലിൽ ചാടിയതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ കടലിൽ ചാടിയെങ്കിലും കൂടെ ഒറ്റ കോൺഗ്രസുകാരനും ചാടിയില്ലെന്നും മുകേഷ് പരിഹസിച്ചിരുന്നു.
രാഹുൽഗാന്ധി താമസിച്ച ഹോട്ടലിലെ ബില്ല് അടച്ചില്ലെന്നും മുകേഷ് നിയമസഭയിൽ വ്യക്തമാക്കി. ഇതോടെ പി സി വിഷ്ണുനാഥ് ക്രമപ്രശ്നം ഉന്നയിച്ചു. എന്നാൽ മുകേഷ് പ്രസംഗം നിർത്താതെ തുടരുകയാണ് ചെയ്തത്. പിന്നീട് ഭരണകക്ഷി ബെഞ്ചുകളിൽ നിന്ന് അംഗങ്ങൾ വിളിച്ചു പറഞ്ഞതോടെയാണ് മുകേഷ് പ്രസംഗം നിർത്തിയത്. റൂമിന്റെ വാടക കൊടുത്തെന്ന് ഹോട്ടൽ മാനേജർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിഷ്ണുനാഥ് പറഞ്ഞതോടെ പൈസ കൊടുത്തിട്ടുണ്ടെങ്കിൽ ഒ.കെ, ആ ഹോട്ടലുകാരൻ രക്ഷപ്പെടട്ടെയെന്ന് മുകേഷ് പ്രതികരിച്ചു.