പുതിയ മാറ്റങ്ങളുമായി കോൺഗ്രസ്; കെ സുധാകരൻ കെപിസിസി അദ്ധ്യക്ഷൻ

തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി പ്രസിഡന്റായി നിയോഗിച്ചു. ഹൈക്കമാൻഡാണ് പ്രഖ്യാപനം നടത്തിയത്. രാഹുൽ ഗാന്ധി ഫോണിൽ ബന്ധപ്പെട്ടാണ് ഹൈക്കമാൻഡിന്റെ തീരുമാനം കെ സുധാകരനെ അറിയിച്ചത്. കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ഏതാനും ദിവസങ്ങളായി കോൺഗ്രസിൽ നടന്നു വരികയായിരുന്നു.

താരിഖ് അൻവർ കേരളത്തിലെ നേതാക്കളുമായി ഇത് സംബന്ധിച്ച ചർച്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഭൂരിപക്ഷം കോൺഗ്രസ് എംപിമാരും സുധാകരന് പിന്തുണ നൽകിയെന്ന് താരിഖ് അൻവർ സോണിയാ ഗാന്ധിയ്ക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കെ സുധാകരനെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെപിസിസി അദ്ധ്യക്ഷൻ സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തത്. സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കണമെന്ന് താരിഖ് അൻവറിന് നിർദ്ദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം റിപ്പോർട്ട് തയ്യാറാക്കി സോണിയാ ഗാന്ധിയ്ക്ക് കൈമാറിയത്. സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സുധാകരന് കഴിയുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് താരിഖ് അൻവർ റിപ്പോർട്ട് സമർപ്പിച്ചത്.