കെ സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

കാസർകോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. പണം നൽകി നാമനിർദ്ദേശ പത്രിക പിൻവലിപ്പിച്ചെന്ന പരാതിയിലാണ് സുരേന്ദ്രനെതിരെ അന്വേഷണം നടത്തുന്നത്. തട്ടിക്കൊണ്ടു പോകൽ, തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.

കാസർകോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. മഞ്ചേശ്വരത്ത് നാമനിർദേശപത്രിക പിൻവലിക്കാൻ വേണ്ടി ബി ജെ പി നേതൃത്വം തനിക്ക് രണ്ടര ലക്ഷം രൂപ കോഴ നൽകിയെന്നായിരുന്നു സുന്ദര ആരോപിച്ചിരുന്നത്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരനായി മത്സര രംഗത്തിറങ്ങിയതായിരുന്നു കെ സുന്ദര. കഴിഞ്ഞ ദിവസമാണ് നാമ നിർദ്ദേശ പത്രിക പിൻവലിക്കാൻ കെ സുരേന്ദ്രൻ തനിക്ക് പണം നൽകിയെന്ന വിവരം സുന്ദര വെളിപ്പെടുത്തിയത്.

പിന്നാലെ മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥിയായിരുന്ന വി വി രമേശൻ സുരേന്ദ്രനെതിരെ പരാതി നൽകി. പരാതിയിൽ സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കൾക്കുമെതിരെ കേസെടുക്കാൻ കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 ബി (തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകുക) വകുപ്പ് പ്രകാരം പോലീസിന് കേസ് എടുക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.

15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും രണ്ടര ലക്ഷം രൂപ ബിജെപി പ്രാദേശിക നേതാക്കൾ വീട്ടിലെത്തിച്ച് നൽകിയെന്നുമാണ് സുന്ദര പറയുന്നത്. കെ സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടെന്നും സുന്ദര ആരോപിക്കുന്നു. കഴിഞ്ഞ ദിവസം സുന്ദരയെ ബദിയടുക്ക പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസ് മൊഴി എടുത്തിരുന്നു.