മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മോടി പിടിപ്പിക്കാൻ 92 ലക്ഷം; പുരാതന കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്ന് വിശദീകരണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത് 92 ലക്ഷം രൂപ. ക്ലിഫ് ഹൗസിന് മോടി കൂട്ടാനായി ഇത്രയധികം തുക ചെലവഴിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ക്ലിഫ് ഹൗസിന്റെ നവീകരണത്തിനായി ഇത്രയും വലിയ തുക ചെലവഴിക്കുന്നതെന്തിനാണെന്ന് പി ടി തോമസ് നിയമ സഭയിൽ ചോദ്യം ഉന്നയിച്ചു.

പുരാതന കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നായിരുന്നു പി ടി തോമസിന്റെ ചോദ്യത്തിന് ധനമന്ത്രി മറുപടി നൽകിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ക്ലിഫ് ഹൗസിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായുള്ള എസ്റ്റിമേറ്റ് തയ്യാറായിരിക്കുന്നത്. ക്ലിഫ് ഹൗസിലെ സെക്യൂരിറ്റി ഗാർഡുകൾ, ഡ്രൈവർമാർ, ഗൺമാൻമാർ, അറ്റൻഡർമാർ എന്നിവരുടെ വിശ്രമ മുറികൾ നവീകരിക്കുന്നതിനാണ് 92 ലക്ഷത്തിന്റെ നിർമ്മാണ അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത്. പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ മന്ത്രിമാർ അവരുടെ ഔദ്യോഗിക വസതികളിലും ഓഫീസുകളിലും അറ്റകുറ്റപ്പണിയും നവീകരണ പ്രവർത്തനങ്ങളും നടത്താറുണ്ട്. ഇതിന്റെ ഭാഗമായാണ് ക്ലിഫ്ഹൗസിലും നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.