തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിയോഗിക്കുമെന്ന് റിപ്പോർട്ട്. രണ്ടു ദിവസത്തിനുള്ളിൽ ഇക്കാര്യം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഭൂരിപക്ഷം കോൺഗ്രസ് എംപിമാരും സുധാകരന് പിന്തുണ നൽകിയെന്ന് താരിഖ് അൻവർ സോണിയാ ഗാന്ധിയ്ക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെപിസിസി അദ്ധ്യക്ഷൻ സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കണമെന്ന് താരിഖ് അൻവറിന് നിർദ്ദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം റിപ്പോർട്ട് തയ്യാറാക്കി സോണിയാ ഗാന്ധിയ്ക്ക് കൈമാറിയത്.

