തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് നന്ദി അറിയിച്ചത്. കേന്ദ്രത്തിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്നും തീരുമാനത്തിൽ വളരെയേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണ്. രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതിൽ സഹായകമാകും. വാക്‌സിൻ വാങ്ങുന്നതിനായി സംസ്ഥാനങ്ങൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യവും ഇതുവഴി ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ്-19 മാനദണ്ഡങ്ങൾ ശക്തമായി പാലിച്ചുകൊണ്ട് രോഗപ്രതിരോധത്തിന്റെ മുൻ നിരയിൽ കേരളം ഉണ്ടാകുമെന്ന് ഈ അവസരത്തിൽ ഒരിക്കൽ കൂടി ഉറപ്പു നൽകുകയാണെന്നും ഉചിതമായ തീരുമാനം കൈക്കൊണ്ടതിൽ പ്രധാനമന്ത്രിയോട് ഹൃദയപൂർവം നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

