കൊടകര കുഴൽപ്പണകേസ്; ബിജെപി നേതൃത്വത്തെ വെട്ടിലാക്കി കെ സുരേന്ദ്രന്റെ ഡ്രൈവറുടെയും സെക്രട്ടറിയുടെയും മൊഴി

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ കുരുക്ക് മുറുകുന്നു. കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഡ്രൈവറുടെയും സഹായിയുടെയും മൊഴി ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. കൊടകര കുഴൽപ്പണ കേസ് പ്രതി ധർമരാജനെ അറിയാമെന്നും പലവട്ടം ഫോണിൽ വിളിച്ചിട്ടുണ്ടെന്നുമാണ് ഇരുവരും ഇന്ന് പോലീസിന് മൊഴി നൽകിയത്.

കെ സുരേന്ദ്രനും ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രികൾ ധർമരാജനെ ഏൽപ്പിച്ചിരുന്നുവെന്നും സുരേന്ദ്രന്റെ സെക്രട്ടറി ദിപിനും ഡ്രൈവർ ലിബീഷും പോലീസിനോട് വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രനും ധർമരാജനും നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഇവർ പോലീസിനോട് പറഞ്ഞു.

കുഴപ്പണ കേസുമായി ബന്ധമില്ലെന്നാണ് ഇരുവരും പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. ഇവർ പറഞ്ഞ കാര്യങ്ങളെല്ലാം പോലീസ് മുഖവിലക്കെടുത്തിട്ടില്ലെന്നാണ് വിവരം. എല്ലാവരും കൂടിയാലോചിച്ച് മൊഴി നൽകുന്നു എന്ന സംശയത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.