ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തിൽ ഒരു വിദേശ ശക്തിയും ഇടപെടരുത്; നരേന്ദ്ര മോദിയും ഷി ജിൻപിംഗും ഉത്തരവാദിത്വമുള്ള നേതാക്കളാണെന്ന് റഷ്യൻ പ്രസിഡന്റ്

മോസ്‌കോ: ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നത്തിൽ ഒരു വിദേശ ശക്തിയും ഇടപെടരുതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഉത്തരവാദിത്തമുളള നേതാക്കന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇരുവരും പ്രാപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ വാർത്ത ഏജൻസിക്ക് നൽകിയ വെർച്വൽ അഭിമുഖത്തിലാണ് പുടിൻ ഇക്കാര്യം അറിയിച്ചത്.

തങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന ഏതു പ്രശ്നത്തിനും പരിഹാരം കണ്ടെത്താൻ ഇരുനേതാക്കൾക്കും കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് അറിയാം. അയൽ രാജ്യങ്ങൾക്കിടയിൽ ധാരാളം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിയുടെയും ചൈനീസ് പ്രസിഡന്റിന്റെയും മനോഭാവം തനിക്കറിയാം. അവർ വളരെ ഉത്തരവാദിത്തമുള്ളവരാണെന്നും പരസ്പരം ആത്മാർത്ഥമായി ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.