അമേരിക്കയ്ക്കും ലോകത്തിനും നഷ്ടപരിഹാരം നൽകണം; ചൈനക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

വാഷിംഗ്‌ടൺ: ചൈനീസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടാണ് ചൈനയ്ക്കെതിരെ ട്രംപ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. കോവിഡ് ആദ്യഘട്ടത്തിൽതന്നെ വൈറസ് ചൈനയിലെ ലാബിൽ നിന്നെത്തിയതാണെന്ന് താൻ പറഞ്ഞിരുന്നു. എന്നാൽ പലരും തന്നെ അഭിപ്രായത്തെ എതിർക്കുകയാണ് ഉണ്ടായത്. എന്നാൽ താൻ അന്ന് പറഞ്ഞിരുന്നത് ശരിയായിരുന്നുവെന്ന് ഇപ്പോൾ എല്ലാവരും പറയുകയാണ്. കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് താൻ വെളിപ്പെടുത്തിയ കാര്യങ്ങളിൽ വസ്തുതയുണ്ടെന്ന സാഹചര്യത്തിൽ ചൈന അമേരിക്കയ്ക്കും ലോകത്തിനും നഷ്ടപരിഹാരം നൽകണമെന്നും ട്രംപ് പറയുന്നു.

10 ട്രില്യൻ ഡോളറാണ് ഡൊണാൾഡ് ട്രംപ് നഷ്ടപരിഹാരമായി ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈന കാരണം ഉണ്ടായിരിക്കുന്ന നാശത്തിനുള്ള പരിഹാരമാണ് ഇതെന്നാണ് ട്രംപ് പറയുന്നത്.

കോവിഡ് വൈറസ് വ്യാപനത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ചൈനയ്ക്കെതിരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ വിമർശനം. കോവിഡ് വൈറസ് എന്ന മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന വിശദമായ അന്വേഷണം നടത്തണമെന്ന് ബ്രിട്ടനും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.