ടൂറിസം മേഖലയ്ക്ക് കരുത്ത് പകർന്ന് സർക്കാർ; ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ടൂറിസം മേഖലയ്ക്ക് കരുത്ത് പകർന്ന് സംസ്ഥാന സർക്കാർ. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം വകുപ്പിന് മാർക്കറ്റിംഗിനായി 50 കോടി രൂപ കൂടി അധികം അനുവദിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമെയാണ് 50 കോടി രൂപ കൂടി അധികമായി അനുവദിക്കുക. ടൂറിസം മേഖലയിൽ കൂടുതൽ പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനായി കെ.എഫ്.സി 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി കേരളത്തിലെ മനോഹരമായ ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന സൗകര്യം ലഭ്യമാക്കും. ആദ്യ ഘട്ടമായി കൊല്ലം, കൊച്ചി, തലശ്ശേരി മേഖലകളിലാണ് ഇത് ആരംഭിക്കുക. 3 കോടി രൂപയാണ് പദ്ധതിയ്ക്കായി അനുവദിക്കുക.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നിറം മങ്ങിയ വിനോദസഞ്ചാര മേഖലയെ പഴയ രീതിയിലെത്തിക്കാനുതകുന്ന തരത്തിലുള്ള പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം കുറയുന്നതോടെ കേരളത്തെ അന്താരാഷ്ട്ര ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ആകർഷിക്കുന്നതിനുള്ള കാമ്പെയ്ൻ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് തീരുമാനം.

മലയാള സാഹിത്യത്തിലെ അതികായൻമാരായ തുഞ്ചത്ത് എഴുത്തച്ചൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി.വിജയൻ, എം.ടി.വാസുദേവൻ നായർ എന്നിവരിലൂടെ പ്രശസ്തി നേടിയ തുഞ്ചൻ സ്മാരകം, ബേപ്പർ, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ, കൂടാതെ പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെ കോർത്തിണക്കിയുളള മലബാർ ലിറ്റററി ടൂറിസം സർക്യൂട്ടിന് സർക്കാർ രൂപം നൽകിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ, മൺട്രോതുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറമരുതിമല, ജടായുപാറ, തെന്മല, അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുളള ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിനും സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. 50 കോടി രൂപയാണ് ഈ പദ്ധതികൾക്കായി വകയിരുത്തിയിരിക്കുന്നത്.