അഴിമതി കേസ്; എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് പരിശോധന

കണ്ണൂർ: ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ റെയ്ഡ്. കണ്ണൂർ പള്ളിക്കുന്നിലുള്ള വീട്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താനാണ് നടപടി. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

2016 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് അബ്ദുള്ളക്കുട്ടി കണ്ണൂർ എംഎൽഎ ആയിരുന്നു. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേർന്ന് വലിയ പദ്ധതിയായിരുന്നു നടപ്പാക്കാനൊരുങ്ങിയത്. സംസ്ഥാന ഖജനാവിൽ നിന്ന് ഒരു കോടി രൂപയിലധികമാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. പണം ദുർവ്യയം നടത്തിയെന്നാണ് ഉയരുന്ന ആരോപണം.

യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരക്കു പിടിച്ചായിരുന്നു പദ്ധതി ആവിഷ്‌ക്കരിച്ചത്. പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനായാണ് ഒരു കോടി രൂപ ചെലവഴിച്ചത്. എന്നാൽ 2018-ൽ കണ്ണൂർ കോട്ടയിൽ ഒരു ദിവസത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തിരുന്നില്ല. ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ പേരിൽ വൻ തിരിമറിയും സാമ്പത്തിക ക്രമക്കേടുമാണ് നടത്തിയതെന്നാണ് ആരോപണം.