കൊല്ലം: രാഹുൽ ഗാന്ധിയുടെ കൊല്ലം സന്ദർശനവുമായി ബന്ധപ്പെട്ടുയർന്നുവന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊല്ലത്തെത്തിയ രാഹുൽ ഗാന്ധി എംപി താമസിച്ച മുറിയുടെ വാടകയിനത്തിൽ ആറുലക്ഷത്തോളം രൂപ ഇനിയും നൽകാനുണ്ടെന്ന വാർത്ത വന്നതിന്റെ പശ്ചാത്തലത്തിലാണ് ബിന്ദുകൃഷ്ണയുടെ പ്രതികരണം.വ്യാജ കഥകൾ സൃഷ്ടിച്ച് പ്രചരപ്പിക്കുന്നവരെ നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പും കുറിപ്പിലൂടെ ബിന്ദുകൃഷ്ണ നൽകുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
രണ്ട് പതിറ്റാണ്ടിന് ശേഷം കൊല്ലത്ത് രണ്ട് കോൺഗ്രസ് എംഎൽഎമാർ, മൂന്ന് സീറ്റുകൾ വെറും രണ്ടായിരം വോട്ടുകൾക്ക് മാത്രം നഷ്ടം, നാൽപ്പതിനായിരവും, മുപ്പതിനായിരവും ഭൂരിപക്ഷം ലഭിച്ചിരുന്ന സ്ഥലങ്ങളിലെ ഭൂരിപക്ഷം ഇപ്പോൾ വെറും പതിനായിരം മാത്രം. 11 അസംബ്ലി മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷം നേടിയ എൽഡിഎഫിൻ്റെ കൊല്ലത്തെ അവസ്ഥ ഇതാണ്.
അതിനെ മറികടക്കാൻ ഇടതുപക്ഷം എന്ത് അസത്യപ്രചരണങ്ങൾക്കും മുന്നിലുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.
അത്തരം അസത്യ പ്രചരണങ്ങൾക്ക് കൂട്ട് നിൽക്കാൻ കോൺഗ്രസ് പാർട്ടിയോട് കൂറുള്ള ഒരു വ്യക്തിയും നിൽക്കില്ല.
ബഹുമാനപ്പെട്ട രാഹുൽജിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലം ബീച്ച് ഹോട്ടലിൽ ഒരു രൂപയുടെ ഇടപാട് പോലും അവശേഷിക്കുന്നില്ല. അതിൻ്റെ ഇടപാടുകൾ എല്ലാം അന്ന് തന്നെ തീർത്തിരുന്നതാണ്.
ഇന്ന് വ്യാജ ആരോപണങ്ങൾ ഉയർന്നുവെങ്കിൽ അതിൻ്റെ ഏകകാരണം ഇടത് തരംഗത്തിലും കൊല്ലം ജില്ലയിലെ ഐക്യജനാധിപത്യ മുന്നണി പിടിച്ചുനിന്നു എന്നതുകൊണ്ട് മാത്രമാണ്.
വ്യാജ കഥകൾ സൃഷ്ടിച്ച് പ്രചരപ്പിക്കുന്നവരെ നിയമപരമായി നേരിടും.