പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിൽ റീ-പോളിംഗ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിൽ റീ-പോളിംഗ്. വ്യാപകമായി സംഘർഷം ഉണ്ടായ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുന്നത്. പുരുലിയ, ബിർഭും, ജൽപായ്ഗുഡി, നഡിയ, സൗത്ത് 24 പർഗാന എന്നീ അഞ്ച് ജില്ലകളിലെ 697 ബൂത്തുകളിലായാണ് റീ പോളിംഗ് നടക്കുക. അക്രമത്തെ തുടർന്ന് പോളിംഗ് തടസപ്പെട്ടയിടങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റീപോളിംഗ് നടത്താൻ തീരുമാനിച്ചത്.

അതേസമയം, അക്രമ സംഭവങ്ങളിൽ ആശങ്ക അറിയിച്ച് പിസിസി അധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. റീപോളിങ്ങിനിടെ അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ എടുക്കണമെന്നായിരുന്നു കത്തിൽ പറഞ്ഞത്. പശ്ചിമ ബംഗാളിൽ ജൂലൈ 8ന് നടന്ന തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലയിടങ്ങളിലും ബാലറ്റ് പെട്ടികൾ തകർപ്പെടുകയും, മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു.