റെയിൽ വികസനം; ഇ ശ്രീധരനെ ഒപ്പംകൂട്ടാൻ സംസ്ഥാന സർക്കാർ

കൊച്ചി: സംസ്ഥാനത്തെ റെയിൽ വികസനത്തിന്റെ തടസ്സങ്ങൾ നീക്കാനായി മെട്രോമാൻ ഇ ശ്രീധരനെ ഒപ്പംകൂട്ടാൻ സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ റെയിൽ വികസന പദ്ധതികളിലെ തടസ്സങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടി കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇ ശ്രീധരനുമായി കൂടിക്കാഴ്ച്ച നടത്തും. പൊന്നാനിയിലെ വീട്ടിൽ വെച്ചാണ് കൂടിക്കാഴ്ച്ച നടക്കുന്നത്.

സംസ്ഥാനത്ത് ഹൈസ്പീഡ് റെയിൽവേ വേണമെന്ന് വന്ദേ ഭാരത് വന്നശേഷം ഇ ശ്രീധരൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.വി തോമസ് പറഞ്ഞു. അതിനാൽ കെ റെയിലിനെതിരായ അദ്ദേഹത്തിന്റെ മുൻ നിലപാട് ഇപ്പോൾ പ്രസക്തമല്ല. കെ. റെയിൽ ഉപേക്ഷിച്ച പദ്ധതിയല്ല. പദ്ധതിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും വിഷയം അദ്ദേഹവുമായി ചർച്ച ചെയ്യുമെന്നും കെ വി തോമസ് വ്യക്തമാക്കി.

ശ്രീധരന് ഇക്കാര്യത്തിൽ വ്യക്തതയുണ്ട്. കെ. റെയിലിന്റെ തടസ്സങ്ങൾ, അങ്കമാലി-എരുമേലി ശബരി റെയിൽ, സംസ്ഥാനത്തെ റെയിൽ പാതകളുടെ വളവു നികത്തൽ, വന്ദേഭാരത് വന്ന ശേഷമുള്ള മറ്റു ട്രെയിനുകളുടെ വൈകൽ തുടങ്ങിയ വിഷയങ്ങളായിരിക്കും ഇ ശ്രീധരനുമായി ചർച്ച ചെയ്യുകയെന്നും അദ്ദേഹം വിശദീകരിച്ചു.