ഡെങ്കിപ്പനി വ്യാപനം; കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് നിർദ്ദേശിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് നിർദ്ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

തുടർച്ചയായി പെയ്തിരുന്ന മഴ ഇടവിട്ടുള്ള മഴയായി മാറുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. വെള്ളക്കെട്ടുള്ളതിനാലും ഓടകളും മറ്റും നിറഞ്ഞൊഴുകാനുള്ള സാധ്യതയുള്ളതിനാലും എലിപ്പനി പ്രതിരോധവും പ്രധാനമാണ്. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീര കർഷകർ, സന്നദ്ധ, രക്ഷാ പ്രവർത്തകർ എന്നിവർ ശ്രദ്ധിക്കണം. വെള്ളപ്പൊക്കവും മഴക്കെടുതികളും റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകരും ശ്രദ്ധിക്കേണ്ടതാണ്. മലിനമാകാൻ സാധ്യതയുള്ള ജല സ്രോതസുമായോ വെള്ളക്കെട്ടുമായോ, അല്ലെങ്കിൽ മൃഗങ്ങളുടെ വിസർജ്യവുമായോ സമ്പർക്കമുണ്ടായാൽ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കൈയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. പൊതു ജനങ്ങളും മഴക്കാലത്ത് സുരക്ഷിതമായ പാദരക്ഷകൾ ഉപയോഗിക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ ഒരു കാരണവശാലും അത് മലിനജലവുമായി സമ്പർക്കത്തിൽ വരാതെ സൂക്ഷിക്കണം. വയറിളക്ക രോഗമുണ്ടാകാൻ സാധ്യതയുള്ളതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകൾ എല്ലാം ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഇൻഫ്‌ളുവൻസ വൈറസ് ബാധ പടരാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റ് രോഗങ്ങളുള്ളവർ തുടങ്ങിയവർ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പനിയുള്ള സമയത്ത് കുട്ടികളെ സ്‌കൂളിൽ വിടരുത്. മുതിർന്നവർക്കാണെങ്കിലും പനിയുള്ള സമയത്ത് പൊതു സമൂഹത്തിൽ ഇടപെടാതിരിക്കുന്നത് രോഗപ്പകർച്ച കുറയ്ക്കാൻ സഹായിക്കും. പനി ബാധിച്ചാൽ സ്വയം ഗുളിക വാങ്ങിക്കഴിക്കാതെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും വീണാ ജോർജ് പറഞ്ഞു.